ചുരുളഴിക്കാൻ ഇനിയും രഹസ്യങ്ങൾ ബാക്കി, സഹകരിക്കാതെ ഷാഫി; ചോദ്യംചെയ്യൽ തുടരുന്നു
|റോസ്‌ലിന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. റോസ്‌ലിൻ കൊലപാതകവുമായി ബന്ധപ്പെട്ട് വീണ്ടും കസ്റ്റഡിയിലെടുത്ത പ്രതികളെ കളമശേരി എആർ ക്യാമ്പിലാണ് നിലവിൽ ചോദ്യംചെയ്യുന്നത്. മുഖ്യപ്രതി ഷാഫി അന്വേഷണത്തോട് സഹകരിക്കാത്തത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്.
കാലടി സ്വദേശിയായ റോസ്‌ലിന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പ്രതികളെ കഴിഞ്ഞ 26-ാം തീയതിയാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യൽ ആരംഭിച്ചത്. വിശദമായ ചോദ്യംചെയ്യലിന് ശേഷമാകും തെളിവെടുപ്പ് നടത്തുകയെന്നാണ് വിവരം. പത്ത് ദിവസമാണ് കസ്റ്റഡി കാലാവധി.
റോസ്‌ലിന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ല. മൊബൈൽ ഫോണിന്റെ വിശദാംശങ്ങളും മറ്റ് വിവരങ്ങളും കേസിൽ നിർണായകമാണ്. റോസ്‌ലിനെ ഷാഫി എവിടെ വെച്ചാണ് ആദ്യം കണ്ടത് എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. റോസ്‌ലിനുമായി കൂടിക്കാഴ്‌ച നടത്തിയ സ്ഥലങ്ങളിലാകും ഷാഫിയെയും മറ്റ് പ്രതികളായ ഭഗവൽ സിങ്, ലൈല എന്നിവരെയും ആദ്യഘട്ടത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുക എന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
ശേഷം ഇലന്തൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. നേരത്തെ ജില്ലാ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോൾ റൂറൽ പൊലീസാണ് അന്വേഷിക്കുന്നത്. അതേസമയം, രണ്ടാമത്തെ കൊലപാതകമായ പത്മയുടെ കേസിൽ പ്രതികളെ പന്ത്രണ്ട് ദിവസമാണ് പൊലീസ് ചോദ്യംചെയ്തത്. റോസ്‌ലിൻ, പത്മ എന്നിവരല്ലാതെ മറ്റാരെയെങ്കിലും പ്രതികൾ കൊലപ്പെടുത്തിയിട്ടുണ്ടോ എന്നത് ഇപ്പോഴും പൊലീസിന് മുന്നിൽ ചോദ്യമായി അവശേഷിക്കുകയാണ്.
ഇലന്തൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടുപേരുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിൽ റോസലിന്റെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കൂടുതൽ അഴുകിയ നിലയിലായിരുന്നു. എല്ലിൻ കഷ്ണങ്ങൾ മാത്രമാണ് ലഭിച്ചതെന്ന് പോലീസ് പറയുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വരുന്നതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.