സ്ത്രീധനത്തിന്‍റെ പേരില്‍ ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെന്ന് ബന്ധുക്കള്‍
|രണ്ടുമാസം മുമ്പ് ഷഹാനയ്ക്ക് ക്രൂരമർദനമേറ്റു
തിരുവനന്തപുരം: സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർതൃഗൃഹത്തിൽ നേരിട്ട് ശാരീരിക - മാനസിക പീഡനങ്ങൾ ആണ് ഷഹാനയെ മരണത്തിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കൾ. രണ്ടുമാസം മുമ്പ് ഷഹാനയ്ക്ക് ക്രൂരമർദനമേറ്റു. സ്വന്തം വീട്ടിൽ ആയിരുന്ന ഷഹാനയുടെ അനുവാദമില്ലാതെ മകനെ ഭർത്താവ് എടുത്തുകൊണ്ടു പോയതാണ് ജീവനൊടുക്കാനുള്ള പ്രേരണയായത്.
രണ്ടുവർഷം മുമ്പായിരുന്നു ഷഹാനയും കാട്ടാക്കട സ്വദേശിയായ നൗഫലും തമ്മിലുള്ള വിവാഹം. സ്ത്രീധനം വേണ്ട എന്ന വ്യവസ്ഥയിലായിരുന്നു വിവാഹം. 72 പവനും രണ്ടു നില വീടും വിവാഹ സമ്മാനമായി ഷഹാനയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നാൽ വിവാഹത്തിന് എട്ടു മാസത്തിനുശേഷം സ്ത്രീധനം കുറഞ്ഞുപോയി എന്നു കാട്ടി പീഡനം ആരംഭിക്കുകയായിരുന്നു. ഷഹാനയുടെയും നൗഫലിന്‍റെയും വീട്ടുകാർ തമ്മിലുള്ള സാമ്പത്തിക അന്തരം അടക്കം ചൂണ്ടിക്കാട്ടി മാനസികമായും പീഡിപ്പിച്ചു. കൈയ്ക്കും മുഖത്തിനും മർദ്ദനമേറ്റത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് ഏൽപ്പിച്ച മാനസിക സമ്മർദ്ദമാണ് ഷഹാനയുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത് .
രണ്ടുമാസമായി ഷഹാന സ്വന്തം വീട്ടിലാണ്. വീട്ടിലെ ആഘോഷ പരിപാടികൾക്കായി ഒരു ദിവസത്തേക്ക് മാത്രം തിരികെ വിളിക്കാൻ ഭർത്താവ് നൗഫൽ ഇന്നലെ എത്തിയിരുന്നു. എന്നാൽ തന്നെ ഉപദ്രവിച്ച് അടുത്തേക്ക് മടങ്ങി പോകില്ല എന്ന നിലപാട് ഷഹാന എടുത്തു. തുടർന്ന് ഷഹാനയുടെ അനുവാദമില്ലാതെ ഒന്നര വയസുകാരനായ മകനെ നൗഫൽ എടുത്തുകൊണ്ടു പോവുകയായിരുന്നു. ഇതുണ്ടാക്കിയ മാനസിക സംഘർഷമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചത്. പണത്തോടുള്ള അത്യാർത്തിയും ദുരഭിമാനവും 22 കാരിയുടെ ജീവൻ കവരുകയായിരുന്നു.