വ്യാജ ഡോക്ട്രേറ്റ് വിവാദത്തിൽ പുതിയ വിശദീകരണവുമായി ഷാഹിദാ കമാൽ
|വ്യാജ ഡോക്ട്രേറ്റ് വിവാദത്തിൽ പുതിയ വിശദീകരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. രണ്ട് തിരഞ്ഞെടുപ്പുകളിലെ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. ഡോക്ടറേറ്റ് ലഭിച്ച സർവകാലാശാലയുടെ പേരും തിരുത്തി.
ലോകായുക്തയ്ക്ക് നൽകിയ വിശദീകരണത്തിലാണ് ഷാഹിദാ കമാൽ പുതിയ വാദമുഖങ്ങൾ അവതരിപ്പിക്കുന്നത്. വിയറ്റ്നാം യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചുവെന്ന മുൻ നിലപാട് തിരുത്തി. കസാകിസ്ഥാൻ ഓപൺ യൂണിവേഴ്സിറ്റിയിൽ നിന്നും കോംപ്ലിമെൻ്ററി മെഡിസിനിൽ ഡോക്ടറേറ്റ് ലഭിച്ചുവെന്നാണ് പുതിയ വിശദീകരണം. 2009ലെയും 2011ലെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യതയായി ഡിഗ്രി ചേർത്തതും തെറ്റാണ്. ഡിഗ്രി കിട്ടിയത് 2016ൽ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്നാണെന്നും ലോകായുക്തയ്ക്ക് സമർപ്പിച്ച വിശദീകരണത്തിലുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പ0നം പൂർത്തിയാക്കിയെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ രേഖപ്പെടുത്തിയിരുന്നത്.