''എനിക്കറിയാവുന്ന സ്വപ്‌ന എനിക്കെതിരെ പറയില്ല''; സ്വപ്നയെ കണ്ടെന്ന് ഷാജ് കിരൺ
|മുഖ്യമന്ത്രിയുമായുമായോ കോടിയേരി ബാലകൃഷ്ണനുമായോ തനിക്ക് ബന്ധമില്ല. ശിവശങ്കറിനെ ടി.വിയിൽ കണ്ട പരിചയം മാത്രമാണുള്ളത്. സ്വപ്‌നയുടെ വീട് വിൽക്കാൻ വേണ്ടിയാണ് ആദ്യമായി അവർ തന്നെ ബന്ധപ്പെടുന്നത്.
തിരുവനന്തപുരം: ഇന്നലെ സ്വപ്‌ന സുരേഷിനെ പാലക്കാട് വെച്ച് കണ്ടെന്ന് സമ്മതിച്ച് ഷാജ് കിരൺ. കഴിഞ്ഞ 60 ദിവസമായി സ്വപ്‌ന സുരേഷിനെ അറിയാം. അവരുടെ സുഹൃത്തിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് വിളിച്ചിട്ടാണ് സ്വപ്നയെ കാണാൻ പോയത്. തനിക്കറിയാവുന്ന സ്വപ്‌ന തനിക്കെതിരെ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായുമായോ കോടിയേരി ബാലകൃഷ്ണനുമായോ തനിക്ക് ബന്ധമില്ല. ശിവശങ്കറിനെ ടി.വിയിൽ കണ്ട പരിചയം മാത്രമാണുള്ളത്. സ്വപ്‌നയുടെ വീട് വിൽക്കാൻ വേണ്ടിയാണ് ആദ്യമായി അവർ തന്നെ ബന്ധപ്പെടുന്നത്. അതിന് ശേഷം എല്ലാ ദിവസവും അവരുമായി ഫോണിൽ ബന്ധപ്പെടാറുണ്ട്. ആരുടെയും മധ്യസ്ഥനായി താൻ സ്വപ്നയെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്‌ന പറയുന്ന കാര്യങ്ങൾ അവരുടെ സ്വന്തം തീരുമാനമാണെന്ന് കരുതുന്നില്ല. താൻ എഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ജയ്ഹിന്ദിലും മാധ്യമപ്രവർത്തകനായിരുന്ന ആളാണ്. അന്ന് രാഷ്ട്രീയ നേതാക്കളുമായി ജോലിയുമായുള്ള ബന്ധമുണ്ട്. അല്ലാതെ ഒരു നേതാവുമായും ബന്ധമില്ല. ആർക്ക് വേണമെങ്കിലും തന്റെ ഫോൺ രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ കഴിഞ്ഞ ദിവസം തന്നെ കണ്ടെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ഇടനിലക്കാരനാണ് ഷാജ് കിരണെന്നും സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു.