'മാധ്യമപ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല': അറസ്റ്റ് തടയണമെന്ന ഷാജന് സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി
|ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി
ഡല്‍ഹി: അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് കോടതി പരാമർശിച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വി ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിലാണ് നടപടി. വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന എം.എൽ.എയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐ.ടി - ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് എളമക്കര പൊലീസ് ഷാജന് സ്കറിയക്കെതിരെ കേസെടുത്തത്.
മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്. കഴിഞ്ഞ നിരവധി വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി ശ്രീനിജിന്റെ പരാതിയില്‍ പറയുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എം.എൽ.എ പറഞ്ഞു.