'ഇതാ എന്റെ ഐഡന്റിറ്റി'; സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്
|ഷമ പാർട്ടിയുടെ ആരുമല്ല, വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം
കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിമർശനത്തിൽ കെ. സുധാകരനു മറുപടിയുമായി ഷമ മുഹമ്മദ്. പാർട്ടി വക്താവ് എന്നു വ്യക്തമാക്കുന്ന എ.ഐ.സി.സി വെബ്‌സൈറ്റിലെ ചിത്രം പങ്കുവച്ചാണ് മറുപടി നൽകിയത്. ഷമ പാർട്ടിയിൽ ആരുമല്ലെന്നായിരുന്നു നേരത്തെ കെ.പി.സി.സി അധ്യക്ഷന്റെ വിമർശനം.
മൈ ഐ.ഡി എന്ന അടിക്കുറിപ്പോടെയാണ് ഷമ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് വെബ്‌സൈറ്റിലെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. ഡോ. ഷമ മുഹമ്മദ്, വക്താവ് എന്നതിനൊപ്പം ചിത്രവും ഡൽഹിയിലെ വിലാസം ഉൾപ്പെടെ ചേർത്തിട്ടുണ്ട്.
സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു ഷമ മുഹമ്മദിന്റെ വിമർശനം. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. കഴിഞ്ഞ തവണ രണ്ടു വനിതകൾ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഒന്നായി കുറഞ്ഞുവെന്നും അവർ ചൂണ്ടിക്കാട്ടി.
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിനെ വടകരയിൽ മത്സരിപ്പിക്കുന്നതിലും ഷമ അതൃപ്തി പരസ്യമാക്കി. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബബന്ധങ്ങളുണ്ടെന്നുമായിരുന്നു വിമർശനം.
ഷമയുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ സുധാകരൻ കാര്യമായി എടുത്തില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഷമ പാർട്ടിയുടെ ആരുമല്ലെന്നു പറഞ്ഞൊഴിയുകയാണ് അദ്ദേഹം ചെയ്തത്. വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നും കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കി.
എന്നാൽ, ഷമയുടെ വിമർശനത്തെ ഉൾക്കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. പറഞ്ഞതിൽ കാര്യമുണ്ടെന്ന് സതീശൻ പ്രതികരിച്ചു. വനിതകൾക്ക് കൂടുതൽ സീറ്റ് നൽകണമായിരുന്നു. സീറ്റ് നൽകാത്തതിൽ കുറ്റബോധമുണ്ടെന്നും സതീശൻ പറഞ്ഞു.
Summary: Shama Mohamed replies to KPCC president K Sudhakaran on the criticism related to the selection of Congress candidates in Lok Sabha elections 2024