Kerala
Shan murder case
Kerala

ഷാൻ വധക്കേസ്: കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ഹരജി തള്ളി

Web Desk
|
26 Feb 2024 7:14 AM GMT

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ മാർച്ച് 23 ന് വാദം കേൾക്കും

ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിൽ കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ഹരജി കോടതി തള്ളി. കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് അർഹതയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ഹരജി നൽകിയത്.

ഷാൻ വധകേസിൽ കുറ്റപത്രം സമർപ്പിച്ചത് കുറ്റ കൃത്യം നടന്ന സ്ഥലത്തെ എസ്.എച്ച്.ഒ അല്ലെന്ന് കാണിച്ചായിരുന്നു പ്രതിഭാഗത്തിൻ്റെ ഹരജി. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കുറ്റപത്രം സമർപ്പിച്ചത് അംഗീകരിക്കരുത് എന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ ക്രിമിനൽ നടപടി ചട്ട പ്രകാരം ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് കുറ്റപത്രം സമർപ്പിക്കാം എന്നതായിരുന്നു പ്രോസിക്യൂഷൻ മറുപടി. വിവിധ കേസുകളും ഉദാഹരണമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അതേസമയം, ഷാൻ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജിയിൽ മാർച്ച് 23 ന് വീണ്ടും വാദം കേൾക്കും. കേസിലെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ 11 പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്.

2021 ഡിസംബർ 18 ന് രാത്രിയാണ് മണ്ണഞ്ചേരിക്ക് സമീപം വച്ച് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ടത്.ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ബി.ജെ.പി ഒബിസി മോർച്ച നേതാവ് അഡ്വ.രൺജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. ഈ വിചാരണ പൂർത്തിയാവുകയും പി.എഫ്.ഐ-എസ്.ഡി.പി.ഐ പ്രവർത്തകരായ പ്രതികൾക്കെല്ലാം വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. 2021 ഫെബ്രുവരിയിൽ വയലാറിൽ നന്ദു എന്ന ആര്‍.എസ്.എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടതിൻ്റെ തുടർച്ചയായാണ് ഷാൻ,രൺജിത് കൊലപാതകങ്ങൾ നടന്നത്.


Similar Posts