ഷാൻ വധക്കേസ്; ആര്‍.എസ്.എസിന് പങ്കെന്ന് പൊലീസ്, വത്സൻ തില്ലങ്കേരിക്കെതിരെ എസ്.ഡി.പി.ഐ
|ഷാനെ കൊലപ്പെടുത്താനുള്ള തീരുമാനം ചില നേതാക്കൾ അറിഞ്ഞിരുന്നെന്നും പ്രതികളെ രക്ഷപ്പെടാൻ നേതാക്കൾ സഹായിച്ചെന്നും പൊലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്
ആലപ്പുഴയിലെ ഷാൻ കൊലക്കേസിൽ ആര്‍.എസ്.എസ് നേതാക്കൾക്ക് പങ്കെന്ന റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ വത്സൻ തില്ലങ്കേരിക്കെതിരെ ആരോപണം കടുപ്പിച്ച് എസ്.ഡി.പി.ഐ. ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരി കൊലപാതകത്തിന് മുമ്പ് ആലപ്പുഴയിൽ വന്നത് വിശദമായി അന്വേഷിക്കണമെന്നാണ് എസ്.ഡി.പി.ഐ ആവശ്യം. ഇരുകേസുകളിലും ഉന്നത ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
വയലാറിലെ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഷാൻ വധക്കേസെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ ആർഎസ്എസിന്റെ പങ്ക് കൃത്യമായി വ്യക്തമാക്കുന്നതാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. ഷാനെ കൊലപ്പെടുത്താനുള്ള തീരുമാനം ചില നേതാക്കൾ അറിഞ്ഞിരുന്നു എന്നും പ്രതികളെ രക്ഷപ്പെടാൻ നേതാക്കൾ സഹായിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് കണ്ടെത്തലിന് പിന്നാലെ ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ എസ്.ഡി.പി.ഐ രംഗത്തെത്തി. ഷാൻ കൊല്ലപ്പെടുന്നതിന് മുമ്പ് വത്സൻ തില്ലങ്കേരി ആലപ്പുഴയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൊലപാതക ആസൂത്രണത്തിൽ തില്ലങ്കേരിക്ക് പങ്കുണ്ടെന്നാണ് എസ്.ഡി.പി.ഐ ആരോപണം. കൊലപാതകത്തിന് മുമ്പായുള്ള ഗൂഢാലോചനയിലെ വത്സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ഇരുകേസുകളിലും ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയതാണെന്നും ഇതന്വേഷിച്ചു വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.