Kerala
സുഡാപ്പി ഫ്രം ഇന്ത്യ  കഫിയ ധരിച്ച  ചിത്രവുമായി ഷെയിന്‍ നിഗം; ചര്‍ച്ചയായി പുതിയ സ്റ്റാറ്റസ്‌
Kerala

സുഡാപ്പി ഫ്രം ഇന്ത്യ' കഫിയ ധരിച്ച ചിത്രവുമായി ഷെയിന്‍ നിഗം; ചര്‍ച്ചയായി പുതിയ സ്റ്റാറ്റസ്‌

Web Desk
|
29 May 2024 8:02 AM GMT

നിലപാടുകള്‍ തുറന്നു പറയുന്നതിനാല്‍ സംഘ്പരിവാര്‍ അടക്കമുള്ള സൈബര്‍ പ്രൊഫൈലുകളില്‍ നിന്നു വന്‍തോതില്‍ സൈബര്‍ ആക്രമണവും ഷെയിന്‍ നേരിട്ടിരുന്നു

കൊച്ചി: എന്നും നിലപാടുകള്‍ തുറന്ന് പറയുന്ന യുവനടനാണ് ഷെയിന്‍ നിഗം. നിലപാടുകള്‍ തുറന്നു പറയുന്നതിനാല്‍ സംഘ്പരിവാര്‍ അടക്കമുള്ള സൈബര്‍ പ്രൊഫൈലുകളില്‍ നിന്നു വന്‍തോതില്‍ സൈബര്‍ ആക്രമണവും ഷെയിന്‍ നേരിട്ടിരുന്നു.

കഴിഞ്ഞ ദിവസം റഫയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ എല്ലാ കണ്ണുകളും റഫയിലേക്ക് എന്ന് പോസ്റ്റിട്ടിരുന്നു. അത്തരം പോസ്റ്റുകളിട്ടവര്‍ക്കെതിരെ സംഘ്പരിവാര്‍ സൈബര്‍ പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം വ്യാപകമായിരുന്നു.

അതിനിടയിലാണ് പുതിയ സ്റ്റാറ്റസുമായി ഷെയിന്‍ നിഗം രംഗത്തെത്തിയിരിക്കുന്നത്. കഫിയ ധരിച്ച ചിത്രത്തിന് 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന ക്യാപ്ഷനോടെയാണ് പുതിയ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. പുതിയ സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മമ്മൂട്ടിയെ അടക്കം സുഡാപ്പിയും ജിഹാദിയുമൊക്കെ ആക്കുന്ന സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ക്ക് അതെ പേരുപയോഗിച്ച് നേരിടുന്ന ഷെയിന്‍ നിഗത്തിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.

ഇസ്രായേൽ നരഹത്യ തുടരുന്നതിനിടെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം രംഗത്തെത്തീരുന്നു. റഫായിലെ ഇസ്രായേൽ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ഐക്യദാർഢ്യം. എല്ലാ കണ്ണും റഫായിലാണെന്ന തലവാചകത്തോടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി കാംപയിനിൽ പങ്കുചേരുകയായിരുന്നു ദുൽഖർ.

അതേസമയം ഇസ്രായേല്‍ കൂട്ടക്കുരുതിക്കിരയായ റഫയിലെ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദെക്കെതിരെ രൂക്ഷമായ സൈബറാക്രമണം.കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ എല്ലാ കണ്ണും റഫയിലേക്ക് ( 'All Eyes on Rafah') എന്ന പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയതിന് പിന്നാലെയാണ് സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷപ്രചാരണമടക്കമുള്ള സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയത്. വലിയതോതിലുള്ള സൈബര്‍ ആക്രമണത്തിന് പിന്നാലെ റിതിക പോസ്റ്റ് ഡിലീറ്റ് ചെയ്തു.

എപ്പോഴെങ്കിലും കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് അവര്‍ സംസാരിച്ചിട്ടുണ്ടോ, പാകിസ്ഥാനിലും ബംഗ്‌ളാദേശിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയിട്ടുണ്ടോ. സെലക്ടീവ് ആക്ടിവിസമാണ് റിതകയുടെതെന്നന്നാരോപിച്ച് നിരവധി പോസ്റ്റുകള്‍ എക്‌സില്‍ സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിച്ചിരുന്നു.

'വിരാട് കോഹ്‌ലി സ്ഥിരമായി ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. എം.എസ് ധോണി സ്ഥിരമായി ഭഗവത് ഗീത വായിക്കാറുണ്ട്. എന്നാല്‍ രോഹിത് ശര്‍മ ആസ്‌ട്രേലിയയില്‍ പോയി പശുമാംസം കഴിക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കുന്നു' തുടങ്ങിയ കമന്റുകളും റിതികയുടെ ്‌സ്‌റ്റോറിയുടെ സ്‌ക്രീന്‍ഷോട്ടിനൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം റഫയിലെ ടെന്റുകളിൽ ഇസ്രായേൽ സൈന്യം നടത്തിയ ക്രൂരതയ്ക്കെതിരെ വലിയ പ്രതിഷേധ ക്യാമ്പയിനാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ട്വിറ്ററിൽ ഇസ്രായേൽ സൈന്യം കൊന്നുകളഞ്ഞ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഹൃദ​യഭേദകമായ ചിത്രങ്ങളും വിഡിയോകളുമാണ് പ്രചരിക്കുന്നത്.

All Eyes on Rafah എന്ന പോസ്റ്ററാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങായിരിക്കുന്നത്. രാഷ്ട്രീയക്കാരും,സിനിമാ ഫുട്ബോൾ താരങ്ങളും, യുവാക്കളും വിദ്യാർഥികളുമടക്കം മിക്കവരും സ്റ്റോറിയാക്കി ഫലസ്തീനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാർഥികൾ.

ട്വിറ്ററിൽ പ്രചരിക്കുന്ന വി​ഡിയോകളും ഇസ്രായേലിന്റെ ക്രൂരതവെളിപ്പെടുത്തുന്നതാണ്.​വെടിയുണ്ട തുളച്ചുകളഞ്ഞ കുഞ്ഞിന്റെ തലയും പിടിച്ച് നിൽക്കുന്ന രക്ഷാപ്രവർത്തകരും,കഴുത്തറ്റുപോയ ഉടലിൽ ബാക്കിയായ കുഞ്ഞുമകളുടെ ശരീരം ചേർത്ത് പിടിച്ച് നിൽക്കുന്ന പിതാവും. ബോംബുകൾ തുപ്പിയ തീയിൽ വെന്ത് നീറിപ്പോയ കുഞ്ഞുടലുകൾ പിടിച്ച് അലമുറയിട്ട് കരയുന്ന മാതാപിതാക്കളുടെ ചിത്രങ്ങളും വിഡിയോകളുമാണ് ട്വിറ്ററിൽ വൈറലാകുന്നത്.

Related Tags :
Similar Posts