'സാധാരണക്കാരി, വിപ്ലവകരമായ തീരുമാനം': ജെബിയെ സ്ഥാനാര്‍ഥിയാക്കിയതിനെ പരിഹസിച്ച് ഷാനിമോള്‍ ഉസ്മാന്‍
|ഷാനിമോളുടെ തുടക്കം നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന ഭാവത്തിലായിരുന്നു
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തെ പരിഹസിച്ച് ഷാനിമോൾ ഉസ്മാൻ. ജെബി മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയത് വിപ്ലവകരമായ തീരുമാനമായിരുന്നുവെന്ന് ഷാനിമോൾ പറഞ്ഞു. വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്ന സാധാരണക്കാരിയെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഷാനിമോൾ പരിഹസിച്ചു.
തന്നെ രാജ്യസഭയിലേക്ക് അയക്കാത്തതിലുള്ള പരിഭവം നേരിട്ട് പറയാതെ നേതൃത്വത്തെ വരികൾക്കിടയിലൂടെ പരിഹസിച്ച് തീർക്കുകയായിരുന്നു ഷാനിമോൾ. തുടക്കം നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന ഭാവത്തിലായിരുന്നു. വിപ്ലവകരമായ തീരുമാനത്തിലൂടെ വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്നയാളെ രാജ്യസഭയിലേക്ക് അയച്ച നേതാക്കൾക്ക് അഭിനന്ദനം. ഇത് ദേശീയതലത്തിൽ പാർട്ടിക്ക് ഗുണം ചെയ്യും. സാധാരണക്കാരിയായ പൊതുപ്രവർത്തകയെയാണ് രാജ്യസഭയിൽ എത്തിച്ചതെന്ന് കൂടി ഷാനിമോൾ പറഞ്ഞതോടെ വാക്കുകളിലെ മുന നേതാക്കൾ തിരിഞ്ഞു. പക്ഷേ വിടാൻ ഭാവമില്ലായിരുന്നു ഷാനിമോൾക്ക്. റവല്യൂഷൻ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാൻ നേതൃത്വം മറന്നുവെന്ന് കൂടി ഷാനിമോൾ പറഞ്ഞുവെച്ചു.
തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണ് രാജ്യസഭാ സ്ഥാനാർഥി പട്ടിക കൈമാറിയത്. സമിതിയെ നോക്കുകുത്തിയാക്കിയ നേതാക്കൾ അഭിനന്ദനം ഒരിക്കൽ കൂടി അറിയിച്ചാണ് ഷാനിമോൾ വിഷയം അവസാനിപ്പിച്ചത്. ഷാനിമോൾ തൊടുത്ത പരിഹാസത്തിന്‍റെ അമ്പുകൾ തങ്ങളെ സ്പർശിച്ചിട്ടില്ലെന്ന ഭാവത്തിൽ മറുപടി പറയാതിരിക്കാനുള്ള അടവ് മറ്റ് നേതാക്കളും കാട്ടി.