ശാന്തൻപാറ സിപിഎം ഓഫീസ് നിർമാണം; സിപിഎം നിയമത്തെ വെല്ലുവിളിക്കുന്നുവെന്ന് വി.ഡി.സതീശൻ
|ഇടുക്കി ജില്ലാ സെക്രട്ടറിക്ക് ധാർഷ്ട്യമെന്നും സിപിഎമ്മിന് കേരളത്തിൽ പ്രത്യേക നിയമമെന്നും വി.ഡി സതീശൻ മീഡിയവണിനോട് പറഞ്ഞു.
ശാന്തൻപാറ സിപിഎം ഓഫീസ് നിർമാണത്തിൽ സിപിഎം കോടതിയെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്. ഇടുക്കി ജില്ലാ സെക്രട്ടറിക്ക് ധാർഷ്ട്യമെന്നും സിപിഎമ്മിന് കേരളത്തിൽ പ്രത്യേക നിയമമെന്നും വി.ഡി സതീശൻ മീഡിയവണിനോട് പറഞ്ഞു.
"ഹൈക്കോടതി സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ഇടുക്കി ജില്ലാ സെക്രട്ടറി രാത്രി ആളുകളെ കൊണ്ടുവന്ന് ഓഫീസിന്റെ പണി തീർത്തു. കോടതിയെ വെല്ലുവിളിച്ചു. ആ കെട്ടിടം ഇടിച്ചു നിരത്തപ്പെടേണ്ടതാണ്. അഴിമതിയുടെ ചെളിക്കുണ്ടിൽ നിൽക്കുന്ന പിണറായി വിജയനും കുടുംബത്തിനും സിപിഎമ്മുകാർക്കും കേസില്ല. ഇവിടെ ഇരട്ട നീതിയാണ്"- വി.ഡി.സതീശൻ പറഞ്ഞു.
ഇടക്കാല ഉത്തരവ് നിലനിൽക്കെ ശാന്തൻപാറയിലെ സി.പി.എം പാർട്ടി ഓഫീസ് നിർമ്മാണം തുടർന്നതിൽ കോടതി ഇന്നലെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്റ്റോപ് മെമ്മോ വില്ലേജ് ഓഫീസർ കൈമാറിയ വിവരം കലക്ടർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പാർട്ടി ഓഫീസിന്റെ നിർമ്മാണം തുടർന്നത് അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അടിയന്തരമായി കോടതി ഇന്നലെ കേസ് പരിഗണിച്ചത്.
സി.പി.എം ഓഫീസ് നിർമാണത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യക്കേസെടുത്തു. ഉത്തരവ് ലംഘിച്ച് എങ്ങനെ നിർമാണം നടന്നെന്നാണ് കോടതിയുടെ ചോദ്യം. ജില്ലാ സെക്രട്ടറിക്ക് ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികൾക്ക് എന്തും ആകാമോ എന്നാണ് ചോദ്യം. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി അജ്ഞത നടിച്ചു എന്നും ഹൈക്കോടതി വിമർശിച്ചു. ശാന്തൻപാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവ് വരുന്നത് വരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കും.