"ശരദ് പവാറിന്റെ രാജി രാഷ്ട്രീയ തന്ത്രമല്ല, തെരഞ്ഞെടുപ്പിൽ നിർണായക റോൾ വഹിക്കേണ്ട വ്യക്തി"; പിസി ചാക്കോ
|കഴിഞ്ഞ മെയ് രണ്ടിനായിരുന്നു ആത്മകഥ പുറത്തിറക്കിയ വേളയിൽ എൻ.സി.പി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെക്കുന്നതായി പവാർ അറിയിച്ചത്
ഡൽഹി: എൻസിപി അധ്യക്ഷസ്ഥാനം ശരദ് പവാർ രാജിവെച്ചത് രാഷ്ട്രീയ തന്ത്രമല്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് പവാർ അനിവാര്യമാണ്. പ്രതിപക്ഷ നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് രാജി പിൻവലിച്ചത്. അജിത് പവാർ ബിജെപി ആഭിമുഖ്യമുള്ളയാളാണ്. രാഹുലിന്റേത് വ്യക്തിതാല്പര്യമെന്ന അഭിപ്രായം ശരദ് പരിവാറിനുണ്ടെന്നും പിസി ചാക്കോ മീഡിയവണിനോട് പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പിൽ ശരദ് പവാറിന് നിർണായകമായ റോൾ വഹിക്കാനുണ്ട്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യമെന്ന ആശയം ആദ്യം മുന്നോട്ട് വെച്ച വ്യക്തിയാണദ്ദേഹമെന്നും പിസി ചാക്കോ പറഞ്ഞു.
കഴിഞ്ഞ മെയ് രണ്ടിനായിരുന്നു ആത്മകഥ പുറത്തിറക്കിയ വേളയിൽ എൻ.സി.പി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെക്കുന്നതായി അദ്ദേഹം അറിയിച്ചത്. പിന്നിട് പ്രവർത്തകരടക്കം എൻ.സി.പി ഓഫീസിലെത്തുകയും വലിയ വികാര പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു. പ്രവർത്തകരുടെ സമ്മർദ്ദവും ആവശ്യവും കണക്കിലെടുത്ത് പിന്നീട് രാജി ശരദ്പവാർ പിൻവലിച്ചു. എൻ.സി.പിയുടെ ചുമതല വീണ്ടും ഏറ്റെടുക്കുകയാണെന്നും പവാർ പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ വികാരങ്ങളും ആവശ്യങ്ങളും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും രാജി പിൻവലിച്ചതിന് ശേഷം പവാർ പറഞ്ഞിരുന്നു.