'15 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി'; മകനെ കാത്ത് ചൂരൽ മലയിലെ ശരത് ബാബുവിന്റെ കുടുംബം
|ഉരുൾപൊട്ടൽ ഉഗ്രരൂപത്തിൽ ഇരച്ചെത്തിയപ്പോൾ മാതാപിതാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇപ്പോ വരാമെന്ന് പറഞ്ഞ പോയ ശരത് ബാബു നാല് ദിവസം കഴിഞ്ഞിട്ടും തിരിച്ചുവന്നിട്ടില്ല.
വയനാട്: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ നിറയെ എല്ലാ നഷ്ടപ്പെട്ടവരുടെ വിലാപങ്ങളാണ്. ചൂരൽമല സ്വദേശി മുരുകനും ഭാര്യ സുബ്ബലക്ഷ്മിയും തങ്ങളുടെ മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. ഉരുൾപൊട്ടൽ ഉഗ്രരൂപത്തിൽ ഇരച്ചെത്തിയപ്പോൾ മാതാപിതാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് അവനായിരുന്നു. ഇപ്പോ വരാമെന്ന് പറഞ്ഞ പോയ മകൻ നാല് ദിവസം കഴിഞ്ഞിട്ടും തിരിച്ചുവന്നിട്ടില്ല.
ഉരുൾപൊട്ടലിൽ അകപ്പെട്ട 15 പേരെയാണ് ശരത് ബാബു ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പിന്നീട് ഇതുവരെ അവനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മകൻ ഇപ്പോഴും രക്ഷാപ്രവർത്തനത്തിന്റെ തിരക്കിലാവുമെന്ന് കരുതി കാത്തിരിക്കുകയാണ് മുരുകനും സുബ്ബലക്ഷ്മിയും.
മുണ്ടക്കൈ ദുരന്തത്തിൽ 344 പേർ മരിച്ചതായാണ് ഒടുവിൽ സ്ഥിരീകരിച്ചത്. അഞ്ചാം ദിനത്തിൽ ഇവിടെ തിരച്ചിൽ തുടരുകയാണ്. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് പരിശോധന നടക്കുന്നത്. ഇന്ന് ചൂരൽമലയിൽ നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇതുവരെ 189 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.