Kerala
ബസ് യാത്രയിൽ മൊട്ടിട്ട പ്രണയം, ഒടുവിൽ മരണത്തിന്റെ കഷായം
Kerala

ബസ് യാത്രയിൽ മൊട്ടിട്ട പ്രണയം, ഒടുവിൽ മരണത്തിന്റെ കഷായം

Web Desk
|
30 Oct 2022 1:24 PM GMT

നെയ്യൂരിലെ സ്വകാര്യ കോളജിൽ ബിഎസ്‌സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്നു ഷാരോൺ ഒരു ബസ് യാത്രക്കിടെയാണ് നാട്ടുകാരിയായ ഗ്രീഷ്മയെ പരിചയപ്പെടുന്നത്.

തിരുവനന്തപുരം: ബസ് യാത്രക്കിടെ മൊട്ടിട്ട പ്രണയം ഒടുവിൽ കലാശിച്ചത് ഞെട്ടിക്കുന്ന കൊലപാതകത്തിൽ. നെയ്യൂരിലെ സ്വകാര്യ കോളജിൽ ബിഎസ്‌സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്. ഒരു ബസ് യാത്രക്കിടെയാണ് നാട്ടുകാരിയായ ഗ്രീഷ്മയെ ഷാരോൺ പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.

ഷാരോണിന്റെ സുഹൃത്തായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചിട്ടം ഷാരോണുമായി ബന്ധം തുടരുന്നതിനെ കുടുംബം എതിർത്തിരുന്നു. എന്നാൽ റെക്കോർഡ് ബുക്കുകൾ വാങ്ങാൻ വേണ്ടിയാണ് ഗ്രീഷ്മയുടെ വീട്ടിൽ പോകുന്നത് എന്നായിരുന്നു ഷാരോൺ പറഞ്ഞിരുന്നത്.

അന്ധവിശ്വാസത്തിന്റെ ഇരയാണ് തന്റെ മകനെന്ന് ഷാരോണിന്റെ അമ്മ ആരോപിച്ചു. ആദ്യ ഭർത്താവ് മരിക്കുമെന്ന് ഗ്രീഷ്മയുടെ ജാതകത്തിലുണ്ടായിരുന്നു. ഫെബ്രുവരിയിലാണ് ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചത്. അതിന് മുമ്പ് ആസൂത്രിതമായി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനായി അവർ താലി ചാർത്തുകയും സിന്ദൂരം തൊടുകയും ചെയ്തിരുന്നുവെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു.

ഈ മാസം 14നാണ് സുഹൃത്ത് റിജിനൊപ്പം ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തിയത്. റിജിനെ പുറത്തുനിർത്തി പെൺകുട്ടിയുടെ വീട്ടിലേക്ക് പോയ ഷാരോൺ ഛർദിച്ച് അവശനായാണ് തിരിച്ചുവന്നത്. പെൺകുട്ടി നൽകിയ ജ്യൂസ് കുടിച്ചതായി ഷാരോൺ സുഹൃത്തിനോട് പറഞ്ഞിരുന്നു. അടുത്ത ദിവസം ഷാരോണിന്റെ വായ്ക്കുള്ളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടു. 17-ാം തിയ്യതിയാണ് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ഷാരോണിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ നിരവധി തവണ ചോദിച്ചെങ്കിലും ജ്യൂസ് കുടിച്ചെന്ന് മാത്രമാണ് ഷാരോൺ പറഞ്ഞത്. ഒക്ടോബർ 19ന് സ്ഥിതി കൂടുതൽ വഷളായതോടെയാണ് കഷായവും കുടിച്ചിരുന്നതായി ഷാരോൺ വെളിപ്പെടുത്തിയത്.

വിവാഹമുറപ്പിച്ച ശേഷം ഗ്രീഷ്മ കുറച്ചുകാലം ഷാരോണുമായുള്ള ബന്ധത്തിൽനിന്ന് വിട്ടുനിന്നിരുന്നുവെന്നും പിന്നീട് വീണ്ടും ബന്ധം തുടർന്നെന്നും മാതാപിതാക്കൾ പറഞ്ഞു. അതിന് ശേഷമാണ് മകന് ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയത്. അവൾ മകനൊപ്പം പോകുമ്പോഴെല്ലാം വീട്ടിൽനിന്ന് ജ്യൂസ് തയ്യാറാക്കി കൊണ്ടുവരുമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന മകന് ഗ്രീഷ്മക്കൊപ്പം പോകാൻ തുടങ്ങിയ ശേഷമാണ് സ്ഥിരമായി ഛർദിയും മറ്റു പ്രശ്‌നങ്ങളും തുടങ്ങിയത്. ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും കുടുംബത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്നും ഷാരോണിന്റെ അമ്മ ആരോപിച്ചു.

കോപ്പർ സൾഫേറ്റാണ് ഗ്രീഷ്മ ജ്യൂസിലും കഷായത്തിലും കലർത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ തകർന്ന് സാവധാനത്തിൽ മരണത്തിലേക്ക് നയിക്കുന്ന രാസവസ്തുവാണ് കോപ്പർ സൾഫേറ്റ്. ഛർദി, ഓക്കാനം, ശരീര കോശങ്ങളും രക്ത കോശങ്ങളും നശിക്കൽ, ലിവറിന്റെയും കിഡ്‌നിയുടെയും പ്രവർത്തനം തകരാറിലാവൽ തുടങ്ങിയ പ്രശ്‌നങ്ങളാണ് കോപ്പർ സൾഫേറ്റ് കൂടിയ തോതിൽ ശരീരത്തിലെത്തിയാൽ ഉണ്ടാവുക.

Similar Posts