ഷാരോണ്‍ കൊലക്കേസ്; ഗ്രീഷ്മയെ പൊലീസ് സെല്ലിലേക്ക് മാറ്റിയേക്കും
|ആരോഗ്യസ്ഥിതി തൃപ്തികരമെന്ന ഡോക്ടർമാരുടെ അഭിപ്രായം ലഭിച്ചാൽ ഗ്രീഷ്മയെയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകും . നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. ഗ്രീഷ്മയെ പൊലീസ് സെല്ലിലേക്ക് മാറ്റുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. ആരോഗ്യസ്ഥിതി തൃപ്തികരമെന്ന ഡോക്ടർമാരുടെ അഭിപ്രായം ലഭിച്ചാൽ ഗ്രീഷ്മയെയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിലെ ചോദ്യം ചെയ്യലിലുള്ള കണ്ടെത്തൽ.
ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. അതിനിടെ പാറശാല പൊലീസിന്‍റെ വീഴ്ച മറയ്ക്കാൻ ഓഡിയോ സന്ദേശം പ്രചരിപ്പിച്ച സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാരോൺ രാജിന്‍റെ കുടുംബം രംഗത്തെത്തി. കുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന സി.ഐ ഹേമന്ത് കുമാറിന്‍റെ ശബ്ദരേഖ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയക്കുന്നതായി ഷാരോണിന്‍റെ പിതാവ് ജയരാജ് പറഞ്ഞു.