ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും റിമാൻഡിൽ
|ഇന്നലെ രാത്രി നെയ്യാറ്റിൻകര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്
തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി നെയ്യാറ്റിൻകര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. അതേസമയം മെഡിക്കൽ കോളേജ് ഐസിയുവിൽ കഴിയുന്ന ഗ്രീഷ്മയെ സെല്ലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്വേഷണസംഘം മെഡിക്കൽ ബോർഡിന്‍റെ അഭിപ്രായം തേടും.
ഇന്നലെ പുലർച്ചയോടെ അറസ്റ്റും തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷമാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ റിമാൻഡ് ചെയ്തത്. രാമവർമ്മൻ ചിറയ്ക്ക് സമീപത്തെ കുളത്തിൽ നിന്ന് കണ്ടെടുത്ത കളനാശിനിയുടെ കുപ്പിയും ഗ്രീഷ്മയുടെ വീടിനു സമീപത്തുനിന്ന് ലഭിച്ച മറ്റ് മൂന്ന് കുപ്പികളും രാസ പരിശോധനയ്ക്ക് വിധേയമാക്കും. വീടിന് പിറകിൽ നിന്ന് ലഭിച്ച മറ്റൊരു കീടനാശിനിയുടെ പേരിലെ ലേബലിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
മെഡിക്കൽ ഐസിയുവിൽ കഴിയുന്ന ഗ്രീഷ്മയെ ആശുപത്രിയിലെ പൊലീസിലേക്ക് മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡിന്‍റെ ഉപദേശം തേടും. ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരം എന്ന ഉപദേശം ലഭിച്ചാൽ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ കോടതിയിൽ നൽകും. റൂറൽ എസ്.പി ഡി. ശിൽപയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗവും ഇന്ന് ചേരുന്നുണ്ട്.