ഷാരോൺ വധക്കേസിൽ കുറ്റപത്രം റദ്ദാക്കില്ല; ഗ്രീഷ്‌മയുടെ ഹരജി തള്ളി സുപ്രിംകോടതി
|ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്‌മയുടെ വാദം
ഡൽഹി: പാറശാല ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മക്ക് തിരിച്ചടി. കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ഗ്രീഷ്മയുടെ ഹരജി സുപ്രീംകോടതി തള്ളി.
കുറ്റപത്രം തള്ളണമെന്നായിരുന്നു ഹരജിയിൽ ഗ്രീഷ്മയുടെ പ്രധാന ആവശ്യം. CRPCയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് കുറ്റപത്രം സമർപ്പിച്ചതെന്നായിരുന്നു ഗ്രീഷ്മ ചൂണ്ടിക്കാട്ടിയിരുന്നത്. സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്‌പെക്ടർ സമർപ്പിക്കേണ്ട അന്തിമ കുറ്റപത്രം ഡിവൈഎസ്പിയാണ് സമർപ്പിച്ചത്. അതിനാൽ, കുറ്റപത്രം നിയമപരമായി നിലനിൽക്കില്ലെന്നും ഇതിന് സാധുതയില്ലെന്നും ഗ്രീഷ്മ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു വാദം
ഇത് സംബന്ധിച്ച് നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയാണുണ്ടായത്. തുടർന്നാണ് അപ്പീലുമായി ഗ്രീഷ്മ സുപ്രിം കോടതിയെ സമീപിച്ചത്. ഗ്രീഷ്മയ്ക്കായി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹരജി സമർപ്പിച്ചത്. എന്നാൽ, വാദം തുടങ്ങി രണ്ടുമിനിറ്റിന് ശേഷം തന്നെ സുപ്രിംകോടതി ഹരജി തള്ളുകയായിരുന്നു. ആഴമുള്ള കേസാണെന്നും മറ്റ് കേസുകൾ പോലെ കുറ്റപത്രം റദ്ദാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ നടപടി. ഗ്രീഷ്മയ്ക്ക് അനുകൂലമായ നടപടി ഉണ്ടാകില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.