പാറശ്ശാല ഷാരോൺ രാജ് വധക്കേസ്; വിചാരണ ഇന്ന് തുടങ്ങും
|131 സാക്ഷികളെയാണ് വിചാരണ ചെയ്യുന്നത്
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിന്‍റെ വിചാരണ ഇന്ന് തുടങ്ങും. ഷാരോണ്‍ കൊല്ലപ്പെട്ട് രണ്ടു വർഷമാകുമ്പോഴാണ് വിചാരണ തുടങ്ങുന്നത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് നടപടികൾ . 131 സാക്ഷികളെയാണ് വിചാരണ ചെയ്യുന്നത്. സുഹൃത്തായ ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാൻ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്നാണ് പൊലീസ് കുറ്റപത്രം.
ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരുടെ സഹായത്തോടെ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശ്ശാല പൊലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 142 സാക്ഷികളാണുള്ളത്. ഇതിൽ 131 പേരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കുന്നത്.
കേസിൽ കുറ്റപത്രം റദ്ദാക്കണമെന്ന ഗ്രീഷ്മയുടെ ഹരജി സുപ്രിം കോടതി ഈയിടെ തള്ളിയിരുന്നു.കുറ്റപത്രം തള്ളണമെന്നായിരുന്നു ഹരജിയിൽ ഗ്രീഷ്മയുടെ പ്രധാന ആവശ്യം. CRPCയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് കുറ്റപത്രം സമർപ്പിച്ചതെന്നായിരുന്നു ഗ്രീഷ്മ ചൂണ്ടിക്കാട്ടിയിരുന്നത്. സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്‌പെക്ടർ സമർപ്പിക്കേണ്ട അന്തിമ കുറ്റപത്രം ഡിവൈഎസ്പിയാണ് സമർപ്പിച്ചത്. അതിനാൽ, കുറ്റപത്രം നിയമപരമായി നിലനിൽക്കില്ലെന്നും ഇതിന് സാധുതയില്ലെന്നും ഗ്രീഷ്മ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു വാദം.