Kerala
കേരളത്തിൽ നല്ല ഭൂരിപക്ഷമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു; ആത്മവിശ്വാസം പ്രകടിപ്പിച്ച് ശശി തരൂർ
Kerala

'കേരളത്തിൽ നല്ല ഭൂരിപക്ഷമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു'; ആത്മവിശ്വാസം പ്രകടിപ്പിച്ച് ശശി തരൂർ

Web Desk
|
5 Oct 2022 3:36 AM GMT

എത്ര വോട്ട് കിട്ടുമെന്ന് പറയാനാകില്ലെന്നും എന്നാൽ കേരളത്തിൽ നിന്നും നല്ലൊരു ശതമാനം വോട്ടും ലഭിക്കുമെന്നും യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നും ശശി തരൂർ

കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തനിക്ക് നല്ല ഭൂരിപക്ഷമുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ശശി തരൂർ. നിഷ്പക്ഷ വോട്ടെടുപ്പാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് വ്യക്തമാക്കിയിരിക്കെ അവരെ എങ്ങനെയാണ് അവിശ്വസിക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരസ്യമായി പിന്തുണ നൽകാൻ പലർക്കും ബുദ്ധിമുട്ടുണ്ടെന്നും തനിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചവരെ നേരിൽ കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എത്ര വോട്ട് കിട്ടുമെന്ന് പറയാനാകില്ലെന്നും എന്നാൽ കേരളത്തിൽ നിന്നും നല്ലൊരു ശതമാനം വോട്ടും ലഭിക്കുമെന്നും യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നും ശശി തരൂർ പറഞ്ഞു. എല്ലാവർക്കും തന്നെ അറിയാമെന്നും എല്ലായിടത്തു നിന്നും നല്ല സ്വീകാര്യത കിട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി സ്വന്തം തറവാടാണെന്നും പറഞ്ഞു.

പാർലമെൻറിലെ ഐ.ടി സമിതിയിൽ നിന്ന് മാറ്റിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തന്റെ ചോദ്യങ്ങൾ ഭരണപക്ഷത്തിനെ അലോസരപ്പെടുത്തി കാണുമെന്നായിരുന്നു പ്രതികരണം. 66കാരനായ തരൂർ കഴിഞ്ഞ ആഴ്ചയാണ് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഒക്‌ടോബർ 17നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബർ 19ന് ഫലം പുറത്തുവരും. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയാണ് എതിരാളി.

ഒരു സ്ഥാനാർത്ഥിക്കും പരസ്യ പിന്തുണ നൽകരുതെന്ന എഐസിസി മാർഗനിർദേശം തള്ളി ഖാർഗെയ്ക്ക് പിന്തുണ നൽകിയ കെപിസിസിയുടെ നടപടിയിൽ തരൂരിന് അതൃപ്തിയുണ്ട്. എന്നാൽ തരൂരിന്റെ അതൃപ്തി കാര്യമാക്കേണ്ടെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. എന്നാൽ സംസ്ഥാനത്തു നിന്നുള്ള നിരവധി യുവ നേതാക്കൾ തരൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തനിക്കൊപ്പമില്ലെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുതിർന്ന നേതാക്കൾക്ക് വിവേചനമുണ്ട്. നേതാക്കൾ പക്ഷം പിടിക്കരുതെന്ന നിർദേശമുണ്ടെങ്കിലും വലിയ നേതാക്കളൊന്നും എനിക്കൊപ്പം കാണില്ല. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ വലിയ നേതാക്കളൊന്നും തന്നെ തനിക്കൊപ്പമുണ്ടായിരുന്നില്ലെന്നും തരൂർ പറഞ്ഞു.പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങളെ മുന്നോട്ട് കൊണ്ടുപോകാനാണ് അധ്യക്ഷ സ്ഥാനത്ത് വേണ്ടി ഞാൻ മത്സരിക്കുന്നത്. ഭാരതം മുഴുവൻ ഇങ്ങനെയുള്ള ആൾക്കാരാണ് എനിക്ക് പിന്തുണ തരുന്നത്. ഞങ്ങൾക്ക് ഒരു മാറ്റം വേണം. നിങ്ങൾ നിൽക്കണം. ഒരിക്കലും പിൻവലിക്കരുത്. എല്ലാ വിധത്തിലും ഞങ്ങളുടെ പിന്തുണയുണ്ടാകുമെന്നു പറഞ്ഞാണ് ആളുകൾ വിളിക്കുന്നത്. അവരുടെ വിശ്വാസത്തെ ഞാൻ ഒരിക്കലും തകർക്കില്ല - തരൂർ പറഞ്ഞു.

പാർട്ടിയുടെ അകത്ത് ജനാധിപത്യം ഉണ്ടാവണം എന്ന് വിശ്വാസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. രാഹുൽ ഗാന്ധിയും അങ്ങനെതന്നെയാണ് വിശ്വസിക്കുന്നത്. അദ്ദേഹം പത്ത് വർഷം മുമ്പ് തന്നെ പറയാൻ തുടങ്ങിയ ഒരു കാര്യമാണ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണം എന്നത്. ഈ തീരുമാനം പാർട്ടിക്ക് ഗുണമേ ചെയ്യൂ. കോൺഗ്രസ് പാർട്ടിയുടെ ഒരു ശക്തിയാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയുടെ അകത്തുള്ള ഐഡിയോളജിയെ കുറിച്ച് ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. ബിജെപിയുടെ വെല്ലുവിളികളെ നേരിടാനാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചത്. എന്നാൽ അത് എങ്ങനെ ചെയ്യണം, എങ്ങനെ ശക്തമാക്കണം എന്ന കാര്യത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ആര് ജയിച്ചാലും ശരിക്കുള്ള വിജയം പാർട്ടിയുടെ വിജയമായിരിക്കുമെന്നാണ് എന്റെ വിശ്വാസം. അവരവരുടെ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നും തരൂർ കൂട്ടിച്ചേർത്തു.



Shashi Tharoor expressed confidence that he believes that he will get a good majority in the Congress national president election

Similar Posts