Kerala
Shashi Tharoor of 2024 is Vajpayee of 1980s: SIO State Secretary Vahid Chullippara
Kerala

എൺപതുകളിലെ വാജ്‌പേയിയാണ് 2024ലെ ശശി തരൂർ: എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി

Web Desk
|
1 Feb 2024 7:05 AM GMT

മുസ്‌ലിംകൾ ബാബരി മസ്ജിദ് പ്രദേശം വിട്ടുനൽകുകയായിരുന്നുവെങ്കിൽ അത് സന്തോഷകരമാകുമായിരുന്നുവെന്ന് തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു

എൺപതുകളിലെ ബിജെപി നേതാവായ എ.ബി വാജ്‌പേയിയാണ് 2024ലെ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'നീതിയുടെ റിപ്പബ്ലിക് പുനഃസ്ഥാപിക്കും' എന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഹിന്ദുക്കൾ ആവശ്യപ്പെട്ട സമയത്ത് മുസ്‌ലിംകൾ ബാബരി മസ്ജിദ് പ്രദേശം വിട്ടുനൽകുകയായിരുന്നുവെങ്കിൽ അത് സന്തോഷകരമാകുമായിരുന്നുവെന്ന് തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചതിനെ വിമർശിച്ചായിരുന്നു പ്രതികരണം. ഇതേ വാദം 1980കളിൽ ബിജെപിയുടെ അനിഷേധ്യ നേതാവായ വാജ്‌പേയി ഉന്നയിച്ചിരുന്നുവെന്നും വേറെ പള്ളി നിർമിച്ചു തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും വാഹിദ് പറഞ്ഞു. ഇതേ വാദം ഉന്നയിക്കുന്ന ശശി തരൂരും അദ്ദേഹവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ചൂണ്ടിക്കാട്ടി. ശശി തരൂരിന്റെ ആശയം ദുർബലവും ഹിന്ദുത്വ രാഷ്ട്രീയത്തെ മറികടക്കാനുള്ള രാഷ്ട്രീയ ഭാവിയില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദ് തകർത്തയിടത്തിലുള്ള രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയെ പിന്തുണച്ചുള്ള സമൂഹ മാധ്യമ പോസ്റ്റിനെ തുടർന്ന് നിരവധി പേർ ശശി തരൂരിനെ വിമർശിച്ചിരുന്നു. തുടർന്ന് വിവാദത്തിൽ ശശി തരൂർ വിശദീകരണവുമായെത്തി. താൻ ജയ് ശ്രീറാം എന്നു വിളിച്ചിട്ടില്ലെന്നും വ്യക്തിപരമായ ഭക്തിയുടെ കാര്യം മാത്രമായിരുന്നുവെന്നും തരൂർ പറഞ്ഞു. കോൺഗ്രസുകാർ രാമനെ ബി.ജെ.പിക്കു വിട്ടുകൊടുക്കണമെന്നു പറഞ്ഞാൽ ഒരിക്കലും തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഹിന്ദിയിൽ ഒരു വാചകം മാത്രമാണ് എഴുതിയത്. സിയാവർ രാംചന്ദ്ര കീ ജയ് എന്നായിരുന്നു. ജയ് ശ്രീറാം എന്നു പറഞ്ഞില്ല. ജയ് ശ്രീറാമിനെ ഒരു രാഷ്ട്രീയ മുദ്രാവാക്യമാക്കി ചിലർ മാറ്റിയിട്ടുണ്ട്. അല്ലെങ്കിൽ അതായിരുന്നു പറയാൻ എളുപ്പം. വ്യക്തിപരമായ ഭക്തിയുടെ കാര്യമാണ്. അതേക്കുറിച്ച് ഒരു വരി എഴുതി. അതു വിവാദമാക്കാനൊന്നുമില്ല.''-തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

'കോൺഗ്രസുകാർ രാമനെ ബി.ജെ.പിക്കു വിട്ടുകൊടുക്കണോ? അതാണോ നിങ്ങളുടെ ആഗ്രഹം. അതിനു ഞാൻ ഒരിക്കലും തയാറല്ല. പാർട്ടിയിലെ ഭൂരിപക്ഷം പേരും അതു വിട്ടുകൊടുക്കില്ല. പാർട്ടിയിലെ ഹിന്ദു ഭക്തന്മാർ നാളെയോ മറ്റന്നാളോ അയോധ്യയിൽ പോയാൽ അത് ആർക്കും മുറിവുണ്ടാക്കാനല്ല. അതു അവരുടെ ഭക്തി മാത്രമാണ്'.

1992ലേ ബാബരി ധ്വംസനത്തെ അപലപിച്ച് പ്രഭാഷണം നടത്തുകയും എഴുതുകയും ചെയ്തയാളാണു താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാര്യത്തിൽ ഒന്നും ഒളിക്കാനില്ല. ചെയ്തതു തെറ്റാണെന്നു സ്പഷ്ടമായി പറഞ്ഞു. രാമൻ ജനിച്ച സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടാകുന്നത് പല ഹിന്ദുക്കളുടെയും ആഗ്രഹമാണെന്നു രണ്ടു വർഷം മുൻപും ഞാൻ പറഞ്ഞിരുന്നു. എന്നാൽ, അതിന് ഒരു പള്ളി പൊളിക്കുന്നത് നല്ല കാര്യമല്ലെന്ന് എപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു.

'ഇതിന്റെ പ്രാധാന്യം മനസിലാക്കി അഥവാ മുസ്ലിം സമുദായം തന്നെ മസ്ജിദിനെ മറ്റൊരു സ്ഥലത്തേക്ക് ആക്കിയാൽ എല്ലാവർക്കും സന്തോഷമാകുമായിരുന്നു. സുപ്രിംകോടതി വിധി വരെ രാമക്ഷേത്ര വിവാദത്തിൽ ഞങ്ങൾക്ക് ഒരു നിലപാടുണ്ടായിരുന്നു. എന്നാൽ, വിധിക്കുശേഷം അതേക്കുറിച്ചു പറയാനുള്ള അവകാശം നഷ്ടമായി.

ക്ഷേത്രത്തിനെ ഒരു രാഷ്ട്രീയ ചടങ്ങും സെലിബ്രിറ്റി പരിപാടിയും ആക്കിയതിൽ ഞങ്ങൾക്ക് എതിർപ്പുണ്ട്. അതാണു ചടങ്ങിൽനിന്നു മാറിനിന്നത്'.

മൂന്നു തവണ ബി.ജെ.പിയെ എതിർത്തുനിന്ന കേരളത്തിലെ ഏക സ്ഥാനാർത്ഥി ഞാനാണ്. ഞാൻ ആരോടും മപ്പുപറയേണ്ട ആവശ്യമില്ല. ഞാൻ മതേതരത്വത്തിന്റെ ശബ്ദമാണ്. ലേഖനങ്ങൾ എഴുതുകയും പ്രഭാഷണം നടത്തുകയും പാർലമെന്റിൽ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് എഴുത്തും പ്രഭാഷണവും ഇക്കാര്യത്തിലുണ്ട്. ഈ വിവാദങ്ങളെ കാര്യമായി എടുക്കുന്നില്ല. എന്നാൽ, രാമനെ ബി.ജെ.പിക്കു വിട്ടുകൊടുക്കില്ല. 1980ൽ ജനിച്ച പാർട്ടിക്ക് എന്തിനാണ് അയോധ്യയെ വിട്ടുകൊടുക്കുന്നതെന്നും ശശി തരൂർ ചോദിച്ചു.

Shashi Tharoor of 2024 is Vajpayee of 1980s: SIO State Secretary Vahid Chullippara

Similar Posts