മഹുവ എനിക്കൊരു കുട്ടിയാണ്; സഹോദരി ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലെ ചിത്രമാണ് പ്രചരിക്കുന്നത്-ശശി തരൂർ
|സംഘ്പരിവാർ സൈബർ പോരാളികളാണു തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് നേരത്തെ മഹുവയും പ്രതികരിച്ചിരുന്നു
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്‌ക്കൊപ്പമുള്ള ചിത്രം ഉപയോഗിച്ചു നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ പ്രതികരിച്ച് ശശി തരൂർ. മഹുവ തനിക്കു കുട്ടിയെപ്പോലെയാണ്. അവരുടെ ജന്മദിന പാർട്ടിയിൽ കുടുംബസമേതമാണു പങ്കെടുത്തത്. അതിൽനിന്നുള്ള ചിത്രം എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നത് തരംതാണ രാഷ്ട്രീയമാണെന്ന് തരൂർ വിമര്‍ശിച്ചു.
''പറയാൻ പറ്റില്ലെങ്കിലും എനിക്ക് അവർ ഒരു കുട്ടിയാണ്. എന്നെക്കാൾ പത്തിരുപത് വയസ് പ്രായം കുറവുള്ള എം.പിയാണ്. അവരുടെ ജന്മദിന പാർട്ടിയിൽ എന്റെ സഹോദരി ഉൾപ്പെടെ 15 പേരുണ്ടായിരുന്നു. അതിൽനിന്ന് ആളുകളെ വെട്ടിക്കളഞ്ഞു മറ്റുള്ളവരെ കാണിക്കാതെ രഹസ്യ കൂടിക്കാഴ്ച പോലെ മനഃപൂർവം കാണിക്കുകയാണ് ചെയ്തിരിക്കുന്നത്.''-തരൂർ ചൂണ്ടിക്കാട്ടി.
ആരാണ് ആ ചിത്രമെടുത്തതെന്നു ബുദ്ധിയുള്ളവർക്കെല്ലാം ചോദിക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരും ഒറ്റയ്ക്കു ചെയ്യുന്നത് മൂന്നാമതൊരാൾ പകർത്തുമോ? പിറന്നാളിന്റെ ആവേശത്തിലായിരുന്നു എല്ലാവരും. അതിനിടയിൽ എടുത്ത ചിത്രമാകാമെന്നും ശശി തരൂർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ട്രോളുകൾക്കു വലിയ വില കൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ നൽകുന്ന ശ്രദ്ധപോലും താനതിനു നൽകുന്നില്ല. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിനാണു പ്രാമുഖ്യമെന്നും തരൂർ കൂട്ടിച്ചേർത്തു.
സംഘ്പരിവാർ സൈബർ പോരാളികളെ വിമർശിച്ച് നേരത്തെ മഹുവയും രംഗത്തെത്തിയിരുന്നു. ബി.ജെ.പി ട്രോൾ ആർമിയാണ് തന്റെ സ്വകാര്യ ചിത്രങ്ങൾ ദുരുദ്ദേശ്യപൂർവം സാഹചര്യത്തിൽനിന്ന് അടർത്തിമാറ്റി പ്രചരിപ്പിക്കുന്നതെന്ന് മഹുവ വിമർശിച്ചു. ബംഗാൾ പെണ്ണുങ്ങൾ കള്ളത്തിനുമേലല്ല, നിശ്ചയദാർഢ്യത്തോടെയാണു ജീവിക്കുന്നത്. എന്തിനാണ് വെട്ടിയൊട്ടിച്ചു പ്രചരിപ്പിക്കുന്നത്. മുഴുവൻ കാണിക്കൂവെന്നും അവർ ആവശ്യപ്പെട്ടു.
Summary: 'Low-level politics': Shashi Tharoor reacts to 'leaked' photos with Mahua Moitra