ശശി തരൂരിന്റെ പരിപാടി റദ്ദാക്കൽ; കോൺഗ്രസിൽ ആഭ്യന്തരപോര് തുടരുന്നു
|ഗംഭീര സ്വീകരണമൊരുക്കാനൊരുങ്ങി കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
കോഴിക്കോട്: ശശി തരൂരിന്റെ പരിപാടി റദ്ദാക്കൽ വിവാദത്തിൽ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ആഭ്യന്തര പോര് തുടരും. തരൂരിന് വിലക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ തരൂരിന് തടയിടാൻ ശ്രമിച്ചതാരാണെന്ന ചർച്ചയായി കോണ്‍ഗ്രസിൽ. തരൂരിനായി കണ്ണൂരിൽ പരിപാടി സംഘടിപ്പിക്കുന്ന യൂത്ത് കോണ്‍ഗ്രസിലും ചർച്ചയാവും. ഇന്നും തരൂർ കോഴിക്കോട് വിവിധ പരിപാടികളിൽ പങ്കെടുക്കും.
യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ പരിപാടി മറ്റൊരു പേരിൽ ആഘോഷപൂർവമായി സംഘടിപ്പിച്ചതോടെ ശശി തരൂരിന്റെ പരിപാടി മാറ്റിവെക്കൽ വിവാദം പുതിയ തലത്തിലേക്കെത്തി. തരൂരിനെ വിലക്കിയില്ലെന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചതോടെ ഉത്തരവാദിത്വം ഡി.സി.സി നേതൃത്വത്തിനും യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിനുമായി. വിലക്കിനെ മുന്നിൽ നിന്ന് പരാജയപ്പെടുത്തിയ എം.കെ രാഘവൻ പ്രതിഛായ വർധിച്ചപ്പോൾ പുതിയ ഡി.സി.സി നേതൃത്വമാണ് പ്രതിസന്ധിയിലായത്.
പരിപാടി മാറ്റലിൽ അന്വേഷണം ആവശ്യപ്പെട്ടതും ഡിസിസിക്ക് കുരുക്കാണ്. പിന്മാറിയ കോഴിക്കോട്ടെ പരിപാടിക്ക് പകരം ഗംഭീര സ്വീകരണം കണ്ണൂരിലൊരുക്കാനാണ് സംസ്ഥാന വൈസ് പ്രസിഡന്റ റിജിൽ മാക്കുറ്റിയടക്കം കണ്ണൂരിലെ യൂത്ത് കോൺഗ്രസുകാരുടെ തീരുമാനം. ഏതെങ്കിലും നേതാക്കളുടെ സമ്മർദത്തിന് യൂത്ത് കോണ്‍ഗ്രസ് വഴങ്ങേണ്ടിയിരന്നില്ലെന്നാണ് ഭൂരിഭാഗം ഭാരവാഹികളുടെയും അഭിപ്രായം. ഇന്നലത്തെ പരിപാടിയിൽ പങ്കെടുത്ത സംസ്ഥാന ഭാരവാഹികളാണ് റിജിൽ മാക്കുറ്റിയും ദുലികിഫിലും എല്ലാം സംസ്ഥാന നേതൃത്വത്തിന് പരോക്ഷ വിമർശം കൂടിയാണ് ഉയർത്തിയത്. എന്തായാലും ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് തടയിടാനുള്ള നീക്കവും തരൂരിന്റെ പ്രതിരോധവും വരും ദിവസങ്ങളിലും ചർച്ചയാകുമെന്നുറപ്പാണ്.