താരിഖ് അൻവർ കോഴിക്കോട്ട്; തരൂർ വിവാദങ്ങളിൽ ഇന്ന് നിർണായക ചർച്ച
|എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ കാണും
കോഴിക്കോട്: ശശി തരൂർ വിവാദങ്ങളിൽ കോഴിക്കോട്ട് ഇന്ന് നിർണായക കൂടിക്കാഴ്ചകൾ. തരൂർ വിവാദം സംസ്ഥാന കോൺഗ്രസിലുണ്ടാക്കിയ തർക്കം പരിഹരിക്കുന്നതിനായി കോഴിക്കോട്ടെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തും. അതേസമയം തരൂരിന്റെ മലബാർ സന്ദർശനവുമായി ബന്ധപ്പെട്ട് എം.കെ രാഘവൻ എം.പിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് താരിഖ് അൻവർ പറഞ്ഞു.
ശശി തരൂരിന്റെ മലബാർ സന്ദർശനം വിവാദമായതിന് പിന്നാലെയാണ് താരിഖ് അൻവർ കോഴിക്കോട്ടെത്തുന്നത്. ഡി.സി.സി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിനായാണ് വന്നതെങ്കിലും കെ. സുധാകരൻ, രമേശ് ചെന്നിത്തല, എം.കെ രാഘവൻ തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തിയേക്കും. തരൂരിന് വേദിയൊരുക്കുന്നതിനെച്ചൊല്ലി കോട്ടയം യൂത്ത് കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
അതേസമയം, തരൂരിന്റെ മലബാർ സന്ദർശനം വിവാദമാക്കേണ്ടതില്ലെന്നാണ് താരിഖ് അൻവർ ഇന്നലെ വ്യക്തമാക്കിയത്. എന്നാൽ, പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഡി.സി.സികളുടെയോ ബ്ലോക്ക് കമ്മിറ്റികളുടെയോ അനുമതി വാങ്ങിയാകണമെന്നും അദ്ദേഹം പറഞ്ഞു. പരാതി കിട്ടിയാൽ എ.ഐ.സി.സി പരിശോധിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.
Summary: AICC general secretary Tariq Anwar, who came to Kozhikode to participate in a DCC program, will meet KPCC president K Sudhakaran to resolve the dispute caused by Shashi Tharoor's Malabar visit controversy