Kerala
ശൈഖ് ഖലീഫ ക്ഷേമരാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ഭരണാധികാരി: സാദിഖലി ശിഹാബ് തങ്ങൾ
Kerala

ശൈഖ് ഖലീഫ ക്ഷേമരാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ഭരണാധികാരി: സാദിഖലി ശിഹാബ് തങ്ങൾ

Web Desk
|
13 May 2022 2:12 PM GMT

അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളത്തെ ലീഗ് പരിപാടികൾ മാറ്റിവെച്ചുവെന്ന് തങ്ങൾ

മലപ്പുറം: വിടവാങ്ങിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്യാൻ ക്ഷേമരാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഭരണാധികാരിയായിരുന്നുവെന്ന് മുസ്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തോടുള്ള ആദരസൂചകമായി മുസ്‌ലിംലീഗ്‌ സംസ്ഥാന കമ്മിറ്റിയുടെ നാളത്തെ (മെയ് 14) പരിപാടികൾ മാറ്റിവെച്ചതായും സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

സ്വന്തം ജനതയെ കരുണയോടെ ഹൃദയത്തോട് ചേർത്തുവെച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമവും സന്തോഷവും മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷോപലക്ഷം ജനങ്ങൾ ശൈഖ് ഖലീഫയുടെ കാരുണ്യം അനുഭവിച്ചിട്ടുണ്ട്. ഒരു ക്ഷേമരാഷ്ട്രത്തിന്റെ എല്ലാ ചേരുവകളോടും കൂടി യു.എ.ഇ ആധുനിക ലോകത്തിന് മുന്നിൽ തല ഉയർത്തി നിൽക്കുന്നത് ശൈഖ് ഖലീഫയെ പോലുള്ള ഭരണാധികാരികളുടെ മികവ് കൊണ്ടുകൂടിയാണ്- സാദിഖലി തങ്ങൾ പറഞ്ഞു.

സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിനും ശൈഖ് ഖലീഫ ബദ്ധശ്രദ്ധനായിരുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും രാജ്യത്തിന്റെ ഉന്നതി അദ്ദേഹം ലക്ഷ്യം വെച്ചു. യു.എ.ഇ എന്ന രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമായ പ്രവാസികളുമായി ഹൃദയബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്നും സാദിഖലി തങ്ങൾ അനുസ്മരിച്ചു. മുസ്‌ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിക്ക് യു.എ.ഇയിൽനിന്ന് ലഭിച്ച അംഗീകാരങ്ങൾ അവിസ്മരണീയമാണ്. പ്രവാസികളെ ചേർത്തുനിർത്തുന്ന യു.എ.ഇയുടെ നയമാണ് ഇതിന് സഹായകമായത് -സാദിഖലി തങ്ങൾ പറഞ്ഞു.

പുതുയുഗത്തിലേക്ക് യു.എ.ഇയെ നയിച്ച ഭരണാധികാരി: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പുതുയുഗത്തിലേക്ക് യു.എ.ഇയെ നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്യാനെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.എ.ഇയുടെ ചരിത്രത്തോടൊപ്പം ജീവിക്കാനും ആ ചരിത്രത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചുവെന്നും കുഞ്ഞാലിക്കുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പിതാവിന്റെ പാത പിൻപറ്റി രാജ്യത്തെ ലോകത്തിന്റെ മുൻനിരയിൽ എത്തിക്കുന്നതിനാണ് അദ്ദേഹം ജീവിതം മുഴുവൻ ചെലവഴിച്ചത്. യു.എ.ഇയെ ലോകത്തിന് മാതൃകയായ ഒരു രാജ്യമാക്കി മാറ്റുന്നതിൽ ശൈഖ് ഖലീഫ വലിയ പങ്കുവഹിച്ചു. സ്നേഹത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായാണ് അദ്ദേഹം ഭരണം നിർവ്വഹിച്ചത്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹം പിടിച്ചുപറ്റാൻ ശൈഖ് ഖലീഫക്ക് സാധിച്ചു- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കുന്നതിനും ഇന്ത്യക്കാരെ സ്വന്തക്കാരെ പോലെ പരിഗണിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി. സ്വദേശികളെന്നോ വിദേശികളെന്നോ ഭേദമില്ലാതെ എല്ലാവരോടും അനുകമ്പയോടെയാണ് യു.എ.ഇ പെരുമാറിയത്. അത്കൊണ്ടു തന്നെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്യാന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sheikh Khalifa Ruler who dedicated his life for the welfare state: Sadiqali Shihab Thangal

Similar Posts