Kerala
ഷെജിനും ജോയ്സ്നയും ഡി.വൈ.എഫ്.ഐ ആസ്ഥാനത്ത്; സ്വീകരിച്ച് ചിന്ത ജെറോമും സനോജും
Kerala

ഷെജിനും ജോയ്സ്നയും ഡി.വൈ.എഫ്.ഐ ആസ്ഥാനത്ത്; സ്വീകരിച്ച് ചിന്ത ജെറോമും സനോജും

Web Desk
|
18 April 2022 3:44 AM GMT

കോടഞ്ചേരിയിലെ മിശ്ര വിവാഹിതരായ ഷെജിനും ജോയ്‌സ്‌നയും ഡി.വൈ.എഫ്‌.ഐയുടെ തിരുവനന്തപുരത്തെ യൂത്ത് സെന്‍ററിലെത്തി

തിരുവനന്തപുരം: കോടഞ്ചേരിയിലെ മിശ്ര വിവാഹിതരായ ഷെജിനും ജോയ്‌സ്‌നയും ഡി.വൈ.എഫ്‌.ഐയുടെ തിരുവനന്തപുരത്തെ യൂത്ത് സെന്‍ററിലെത്തി. ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്ത ജെറോമും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ഷെജിന്‍ ഇരുവര്‍ക്കുമൊപ്പമുള്ള ഫോട്ടോ ഫെസ് ബുക്കില്‍ പങ്കുവെച്ചു.

ഡി.വൈ.എഫ്‌.ഐ നേതാവായ ഷെജിനും ജോയ്സ്നയും തമ്മിലുള്ള വിവാഹം ലവ് ജിഹാദാണെന്ന ആരോപണവുമായി കോടഞ്ചേരിയിലെ ചില ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസിന്‍റെ പരാമര്‍ശം വലിയ വിവാദമായി. പാര്‍ട്ടിയെ അറിയിക്കാതെയാണ് ഷെജിന്‍ വിവാഹം ചെയ്തതെന്നും ഷെജിനെതിരെ നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജോര്‍ജ് എം തോമസിന് പിശകു പറ്റിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടുത്ത ദിവസം വിശദീകരിച്ചു.

ഡി.വൈ.എഫ്‌.ഐയും ഷെജിനും ജോയ്സ്നക്കും പിന്തുണയുമായി രംഗത്തെത്തി. ലവ് ജിഹാദ് ഒരു നിര്‍മിത കള്ളമാണെന്ന് ഡി.വൈ.എഫ്‌.ഐ വ്യക്തമാക്കി. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഡി.വൈ.എഫ്‌.ഐ പ്രസ്താവനയില്‍ അറിയിച്ചു. ഷെജിനും ജോയ്സ്നയും തമ്മിലുള്ള വിവാഹം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജോയ്സ്നയുടെ പിതാവ് ആവശ്യപ്പെട്ടു. പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജോയ്സ്നയുടെ വീട് സന്ദര്‍ശിച്ചു. അതിനിടെ ജോയ്സ്നയെ ചൊവ്വാഴ്ച ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് നിര്‍ദേശം.

Summary- Interfaith couples Shejin and joysna at DYFI Youth Centre Thiruvananthapuram

Similar Posts