മറക്കരുത് മിണ്ടാപ്രാണികളെ; കോവിഡ് പോസിറ്റീവായ വീടുകളിലെ കന്നുകാലികൾക്ക് ഭക്ഷണമെത്തിച്ച് ഷെമീര്
|മരത്തിൽ കയറി ഇല വെട്ടിയും പുല്ല് പറിച്ചും കരിമ്പ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷെമീർ ഓടി എത്തും
ലോക് ഡൗൺ കാലത്ത് മിണ്ടാപ്രാണികൾക്ക് തണലായി മാറിയിരിക്കുകയാണ് പാലക്കാട് കരിമ്പയിലെ ഷെമീർ എന്ന യുവാവ്. കോവിഡ് പോസിറ്റീവായ വീടുകളിലെ കന്നുകാലികൾക്ക് ഷെമീർ ഭക്ഷണം എത്തിച്ച് നൽകി വരുന്നത്.
ഷെമീർ എന്ന യുവാവും മകൻ ഷിഫാസും ലോക് ഡൗൺ കാലത്ത് കഠിനാധ്വനത്തിലാണ്. മരത്തിൽ കയറി ഇല വെട്ടിയും പുല്ല് പറിച്ചും കരിമ്പ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷെമീർ ഓടി എത്തും. കഴിഞ്ഞ ലോക് ഡൗൺ കാലത്താണ് കന്നുകാലികൾക്ക് ഭക്ഷണം എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് ഷെമീർ തുടക്കം കുറിച്ചത്. ലോക് ഡൗൺ അല്ലെങ്കിലും കോവിഡ് പോസിറ്റീവായ രോഗികൾ ഉള്ള വീട്ടിലെ കന്നുകാലികൾക്ക് ഭക്ഷണം ലഭിക്കൽ വലിയ പ്രയാസമാണ്. ഒരു വർഷത്തോളമായി ഷെമീറിന്റെ ഈ പ്രവർത്തനം തുടരുകയാണ്.
ആടിനും പശുവിനും തുടങ്ങി ഒരോ കന്നുകാലികളുടെയും പ്രത്യാകതകൾ അനുസരിച്ചാണ് ഭക്ഷണം എത്തിക്കുന്നത്. തീറ്റ പുല്ലും പച്ചിലയും തുടങ്ങി കന്നുകാലികൾക്ക് ആവശ്യമായ ഭക്ഷണം എങ്ങനെയും എത്തിക്കാൻ ഷെമീർ തയ്യറാണ്. ഷെമീർ എത്തിക്കുന്ന ഭക്ഷണം വീട്ടുകാർ കന്നുകാലികൾക്ക് നൽകും. ഒട്ടും പുറത്തിറങ്ങാൻ കഴിയാത്ത വീട്ടിൽ ഇരിക്കുന്നവരുടെ കന്നുകാലികൾക്ക് ഷെമീർ നേരിട്ട് ഭക്ഷണം നൽകും.
ലോക് ഡൗൺ കാലത്ത് മനുഷ്യർക്ക് പല തരത്തിലുഉള്ള കരുതൽ ലഭിക്കുന്നുണ്ട്. അധികമാരും ശ്രദ്ധിക്കാതെ നിൽക്കുന്ന മേഖലയിലാണ് ഷെമീറിന്റെ ശ്രദ്ധ. സ്വന്തം ജീപ്പിലാണ് കരിമ്പ പഞ്ചായത്ത് മുഴുവൻ ഷെമീർ മിണ്ടാപ്രാണികൾക്കു ഉള്ള ഭക്ഷണം സൗജന്യമായി എത്തിക്കുന്നത്. കോവിഡ് പോസിറ്റീവായി വീട്ടിലിരുന്നാലും തങ്ങളുടെ കന്നുകാലികൾ പട്ടിണി കിടക്കില്ലെന്ന ആശ്വാസത്തിലാണ് കരിമ്പയിലുഉള്ളവർ.