യാത്രയാവുന്നത് എളിമ മുഖമുദ്രയാക്കിയ നേതാവ്-ഷിബു ബേബി ജോൺ
|ഇസ്ലാം മതവിശ്വാസികളുടെ ആത്മീയാചാര്യനും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ അവസാനവാക്കും ആയിരിക്കുമ്പോൾ തന്നെ മറ്റ് മതവിശ്വാസങ്ങളേയും ബഹുമാനിച്ചിരുന്നയാളായിരുന്നു തങ്ങൾ.
എളിമ മുഖമുദ്രയാക്കിയ നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഷിബു ബേബി ജോൺ. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷം തന്റെ സഹോദരൻ നടന്ന പാതയിലൂടെ ഈ നാടിന്റെ മതസൗഹാർദ പതാകവാഹകനായി നടന്ന ഏകാന്തപഥികനായിരുന്നു അദ്ദേഹം. ഇസ്‌ലാം മതവിശ്വാസികളുടെ ആത്മീയാചാര്യനും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ അവസാനവാക്കും ആയിരിക്കുമ്പോൾ തന്നെ മറ്റ് മതവിശ്വാസങ്ങളെയും ബഹുമാനിച്ചിരുന്നയാളായിരുന്നു അദ്ദേഹമെന്നും ഷിബു ബേബി ജോൺ അനുസ്മരിച്ചു.
അനുസ്മരണക്കുറിപ്പിന്റെ പൂർണരൂപം:
കേരളത്തിൻ്റെ മതസൗഹാർദ്ദ പാരമ്പര്യത്തിന് എന്നുമൊരു തണൽവൃക്ഷമാണ് പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷം തൻ്റെ സഹോദരൻ നടന്ന പാതയിലൂടെ ഈ നാടിൻ്റെ മതസൗഹാർദ്ദ പതാകവാഹകനായി നടന്ന ഏകാന്തപഥികനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും. ഇസ്ലാം മതവിശ്വാസികളുടെ ആത്മീയാചാര്യനും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ അവസാനവാക്കും ആയിരിക്കുമ്പോൾ തന്നെ മറ്റ് മതവിശ്വാസങ്ങളേയും ബഹുമാനിച്ചിരുന്നയാളായിരുന്നു അദ്ദേഹം.
പാണക്കാട് ഹൈദരലി തങ്ങളുടെ കാലത്ത് മുസ്ലീം ലീഗ് പ്രസ്ഥാനം ഒരു രാഷ്ട്രീയപാർട്ടി എന്നതിലുപരി സമാനതകളില്ലാത്ത ജീവകാരുണ്യ പ്രസ്ഥാനമായി വളർന്നത് അദ്ദേഹം മുന്നോട്ടുവച്ച മാനവികരാഷ്ട്രീയത്തിൻ്റെ പ്രതിഫലനമാണ്. തൻ്റെ മുൻഗാമികളെ പോലെ തന്നെ എളിമ മുഖമുദ്രയാക്കിയ ഒരു നേതാവാണ് യാത്രയാകുന്നത്. നാടിൻ്റെ മതേതര അന്തരീക്ഷം വെല്ലുവിളി നേരിടുന്ന കാലത്ത് അദ്ദേഹത്തിൻ്റെ വിയോഗം കേരളസമൂഹത്തിൻ്റെ ആകെ നഷ്ടമാണ്.
പ്രിയ ഹൈദരലി തങ്ങൾക്ക് പ്രണാമം.