ആര്‍എസ്‍പിയിൽ ഭിന്നത; ഷിബു ബേബി ജോണ്‍ അവധിയില്‍
|പാർട്ടിയിലെ തീരുമാനങ്ങളിൽ വേണ്ടെത്ര പങ്കാളിത്തമില്ലെന്നാണ് ഷിബുവിന്‍റെ പരാതി.
ആര്‍എസ്‍പിയിൽ ഭിന്നത. ഷിബു ബേബി ജോണ്‍ പാർട്ടി പരിപാടികളിൽ നിന്നും അവധിയെടുത്തു. ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിലും ഷിബു പങ്കെടുത്തിരുന്നില്ല. പാർട്ടിയിലെ തീരുമാനങ്ങളിൽ വേണ്ടെത്ര പങ്കാളിത്തമില്ലെന്നാണ് ഷിബുവിന്‍റെ പരാതി. ജൂണ്‍ 1 ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.
എന്നാല്‍ പാർട്ടിയിൽ നിന്ന് അവധിയെടുത്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ഷിബു ബേബി ജോൺ അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിലൂടെ പോകുന്ന പാർട്ടിയെ താൻ കൂടുതൽ ബുദ്ധിമുട്ടിലാക്കില്ല. ആർ.എസ്.പിയെ ദുർബലപ്പെടുത്തുന്ന ഒരു തീരുമാനവും തന്‍റെ ഭാഗത്ത് നിന്നുണ്ടാവില്ല. ഇപ്പോഴെന്തായാലും മുന്നണി വിടില്ല. അരാഷ്ട്രീയ ഘടകങ്ങളാണ് ചവറയിലെ പരാജയത്തെ ബാധിച്ചതെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി. തീരുമാനങ്ങളെടുക്കാൻ വൈകുന്ന ശൈലി യു.ഡി.എഫ് മാറ്റണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
പാർട്ടിയോട് അവധി ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും പാർട്ടിക്ക് താൻ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അവധി അംഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട മറ്റ് വ്യാഖ്യാനങ്ങളിലൊന്നും കാര്യമില്ല. താന്‍ എന്നും എന്നും ആർ.എസ്.പിക്കാരനാണ് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ കടന്ന് വരവോടെ കേരളത്തിൽ കാതലായ മാറ്റമുണ്ടായി. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്‍റെ സ്വാധീനം കേരളത്തിലെത്തി തമിഴ്നാട് ശൈലീ രാഷ്ട്രീയവും കേരളത്തിനുണ്ടായി. കോൺഗ്രസ് തീരുമാനമെടുക്കാൻ സമയം വൈകുന്നു. ആ ശൈലി മാറ്റണം. സമയബന്ധിതമായി കാര്യങ്ങൾ തീരുമാനിക്കണമെന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.