തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥിക്ക് ഷിഗെല്ല; വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ
|പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗ ബാധക്ക് കാരണം
തൃശൂർ: തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗ ബാധക്ക് കാരണം. രോഗ ലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്.
വിദ്യാർത്ഥികൾക്കിടയിൽ ഷിഗെല്ല രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഹോസ്റ്റലിൽ കഴിയുന്നവരെ കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതിൽ ഒരു പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാർത്ഥികളുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വകുപ്പും ഹോസ്റ്റലിലും കോളേജിലും പരിശോധന നടത്തി.
ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികളിൽ രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. രണ്ട് ഹോസ്റ്റലുകളിലായി 500 ആൺകുട്ടികളും, 450 പെൺകുട്ടികളുമാണ് താമസിക്കുന്നത്. രോഗ വ്യാപനം കണക്കിലെടുത്ത് കോളേജ് യൂണിയൻ കലോത്സവം മാറ്റിവച്ചു.