ഷിഗെല്ല ജാഗ്രതയില്‍ കാരശ്ശേരി പഞ്ചായത്ത്; പരിശോധന ശക്തമാക്കി
|ഹോട്ടല്‍, ബേക്കറി, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന
ഷിഗെല്ല റിപ്പോർട്ട് ചെയ്ത കോഴിക്കോട് കാരശ്ശേരിയില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന ശക്തമാക്കി. ഹോട്ടല്‍, ബേക്കറി, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന. അതേസമയം ഷിഗെല്ല ബാധിച്ച ആറു വയസ്സുകാരന് രോഗം ഭേദമായി.
കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, പതിനെട്ട് വാര്‍ഡുകളില്‍ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തുന്നത്. മുക്കംകടവ് പാലത്തിനടുത്തുള്ള ഹോട്ടലിൽ നിന്ന് വേവിച്ച ശേഷം ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ഭക്ഷ്യ പദാർത്ഥങ്ങൾ കണ്ടെത്തി. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം കാരശ്ശേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഷിഗെല്ല സ്ഥിരീകരിച്ചിരുന്ന ആറു വയസ്സുകാരന് രോഗം ഭേദമായി. പതിനെട്ടാം വാര്‍ഡില്‍ രോഗം ബാധിച്ച ഒമ്പത് വയസ്സുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്.