Kerala
Shihab Chotoor Moves from Iraq to the Saudi border, Madinah after 1400 km
Kerala

ഇറാഖിൽ നിന്ന് നേരെ സൗദി അതിർത്തി ലക്ഷ്യമാക്കി ശിഹാബ് ചോറ്റൂർ; 1400 കി.മീ താണ്ടിയാൽ മദീന

Web Desk
|
26 March 2023 4:07 PM GMT

ഇറാഖിൽ നിന്ന് കുവൈത്ത്- ബസറ വഴിയാണ് ശിഹാബ് സൗദിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ കുവൈത്ത് ഒഴിവാക്കി നേരെ സൗദി ബോർഡറിലേക്ക് പോകാനുള്ള വഴി അറിഞ്ഞതായി ശിഹാബ് പറഞ്ഞു.

കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഇറാഖിൽ നിന്ന് സൗദി അതിർത്തിയിലേക്ക്. ഫേസ്ബുക്കിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിലാണ് നിലവിൽ ഇറാഖിലുള്ള ശിഹാബ് അവിടെ നിന്ന് നേരിട്ട് സൗദിയിലേക്ക് കടക്കാനുള്ള വഴി തെളിഞ്ഞതായി അറിയിച്ചത്.

ഇറാഖിൽ നിന്ന് കുവൈത്ത്- ബസറ വഴിയാണ് ശിഹാബ് സൗദിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ കുവൈത്ത് ഒഴിവാക്കി നേരെ സൗദി ബോർഡറിലേക്ക് പോകാനുള്ള വഴി അറിഞ്ഞതായി ശിഹാബ് പറഞ്ഞു. ഇറാഖിലെ ബാ​ഗ്ദാദിൽ എത്തിയപ്പോൾ, അറാർ എന്ന അതിർത്തി വഴി പോയാൽ കുവൈത്ത് കടക്കാതെ നേരെ സൗദിയിലേക്ക് എത്താമെന്ന് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. അതനുസരിച്ചാണ് പുതിയ വഴിയിലൂടെയുള്ള യാത്രയെന്നും ശിഹാബ് പറഞ്ഞു.

'800 കി.മീ കൂടുതൽ നടക്കേണ്ട ആവശ്യമില്ലെന്നും 1900 കി.മീ താണ്ടിയാൽ മദീനയിലേക്ക് എത്താമെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള അനുമതിക്കായി എ.പി അബൂബക്കർ ഉസ്താദ് ഉൾപ്പെടെയുള്ളവർ ഇടപെട്ട് അറാറിൽ മലയാളികളെ എത്തിക്കുകയും വിസയടക്കം സമർപ്പിച്ച് അവിടുത്തെ പൊലീസ് ഉദ്യോ​ഗസ്ഥരുമായും ഇറാഖ് സൈനികരുമായും അതിർത്തി സേനയുമായും സംസാരിക്കുകയും ചെയ്തു. ആ യാത്രയ്ക്ക് സമ്മതമാണെന്ന് അവർ അറിയിക്കുകയും ചെയ്തു'.

ഇന്നലെ സൈനിക ക്യാമ്പിലാണ് നിന്നതെന്നും ഇനിയുമങ്ങോട്ട് മിലിട്ടറി ക്യാമ്പുകളിലാണ് നിൽക്കാനുള്ളതെന്നും ശിഹാബ് പറഞ്ഞു. അവസാനത്തെ പട്ടണവും കടന്നതായും ഇനിയങ്ങോട്ട് മരുഭൂമിയാണെന്നും ശിഹാബ് ചൂണ്ടിക്കാട്ടി. ഇറാഖിന്റെ അതിർത്തിയിലേക്ക് നടന്നുകൊണ്ടിരിക്കുകയാണെന്നും 320ഓളം കി.മീ നടന്നാൽ സൗദിയുടെ അതിർത്തിയായ അറാറിലെത്തുമെന്നും പിന്നീട് അവിടുന്ന് മദീനയിലേക്ക് 1049 കി.മീ മാത്രമാണെന്നും ശിഹാബ് ചോറ്റൂർ വ്യക്തമാക്കി.

നാല് മാസത്തോളം പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്താനിലേക്ക് കടന്നത്. അതിർത്തി കടക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഈ വേളയിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് 'താങ്ക്‌യൂ ഇന്ത്യ' എന്നായിരുന്നു ശിഹാബിന്റെ മറുപടി.'അൽഹംദുലില്ലാഹ്, പാകിസ്താനിലെത്തി' എന്ന കുറിപ്പോടെ പാകിസ്താനിലെത്തിയ ശേഷമുള്ള ചിത്രം ശിഹാബിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു.

പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളം അമൃത്സറിലെ ആഫിയ കിഡ്സ് സ്‌കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്. ഫെബ്രുവരി അഞ്ചിനാണ് പാകിസ്താൻ വിസ നൽകിയത്. കഴിഞ്ഞ ജൂൺ മൂന്നിനാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍ നിന്ന് ശിഹാബ് കാൽനട ഹ​ജ്ജ് യാത്ര ആരംഭിച്ചത്.





Similar Posts