370 ദിവസം കൊണ്ട് 8,600 കിലോമീറ്റർ താണ്ടി ഹജ്ജ്; ശിഹാബ് ചോറ്റൂരിന് ജന്മനാട്ടിൽ സ്വീകരണം
|കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് ശിഹാബ് ചോറ്റൂർ സൗദി അറേബ്യയിലേക്കുള്ള കാൽനട യാത്ര ആരംഭിച്ചത്
മലപ്പുറം: കാൽ നടയായി പോയി ഹജ്ജ് നിർവഹിച്ച് തിരിച്ചു വന്ന ശിഹാബ് ചോറ്റൂരിന് ജന്മനാട്ടിൽ സ്വീകരണം. മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിലാണ് ഷിഹാബിന് സ്വീകരണം നൽകിയത്. 370 ദിവസങ്ങൾ കൊണ്ടാണ് ശിഹാബ് ചോറ്റൂർ 8,600 കിലോമീറ്റർ താണ്ടി മക്കയിലെത്തിയത്. കാൽ നടയായി പരിശുദ്ധ ഹജ്ജ് കർമം ചെയ്ത് മടങ്ങി വന്ന ശിഹാബ് ചോറ്റൂരിനെ കഞ്ഞിപ്പുരയിലെ ശിഹാബ് തങ്ങൾ സ്നേഹാലയത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് ഹജ്ജ് നിർവഹിക്കുന്നതിനായി ശിഹാബ് ചോറ്റൂർ സൗദി അറേബ്യയിലേക്കുള്ള കാൽനട യാത്ര ആരംഭിച്ചത്. മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള 440 കിലോമീറ്റർ ദൂരം ഒമ്പത് ദിവസം കൊണ്ട് പിന്നിട്ടു. ഇന്ത്യ, പാകിസ്താൻ, ഇറാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയിൽ എത്തിയത്. യാത്രയിൽ വിവിധ പ്രയാസങ്ങൾ നേരിട്ടു.
സ്വീകരണ പൊതുയോഗത്തിൽ പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, കെ.എൻ.എ ഖാദർ, സ്വാമി ആത്മദാസ് യമി, പി സുരേന്ദ്രൻ, ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയവർ പങ്കെടുത്തു.
Shihab Chotoor, who completed Hajj after walking for 370 days and covering 8600 km, was welcomed in his hometown.