'ഈ ഹാജർ പട്ടികയിലുള്ള കുഞ്ഞുങ്ങൾ ഇനി വരുമോ?, ഹാജറെടുക്കാൻ ശിഹാബ് ഉസ്താദില്ല'
|ആദ്യ ഉരുൾപൊട്ടൽ സമയത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയതായിരുന്നു ശിഹാബ് ഉസ്താദ്
മേപ്പാടി: നിനച്ചിരിക്കാതെ കുത്തിയൊലിച്ചെത്തിയ മരണവെള്ളപ്പാച്ചിലിൽ ഒരുനാട് മുഴുവൻ മണ്ണിലമർന്നു. അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ മുണ്ടക്കൈ ദുരന്ത ഭൂമിയായിമാറി. എങ്ങും വേദനയും നീറ്റലും കണ്ണീരും പ്രതീക്ഷയുടെ നോട്ടങ്ങളും മാത്രം. അപ്പോഴും തകരാതെ ബാക്കിയായ മദ്രസയിൽ കണ്ട ഹാജർ പുസ്തകം മറ്റൊരു തീരാനോവായി മാറുകയാണ്.
മുണ്ടക്കൈ മുനവ്വിറുൽ ഇസ്ലാം മദ്രസയിലെ ഹാജർ ബുക്കിൽ നിരയായി എഴുതിവെച്ച പേരുകളോരോന്നും നീട്ടി വിളിച്ചാലും ഹാജർ പറയാൻ ആ കുരുന്നുകള്‍ വരുമോ എന്നറിയില്ല. ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രദേശത്തു നിന്നുള്ളവരായിരുന്നു വിദ്യാര്‍ഥികള്‍. അവര്‍ക്കെല്ലാം എന്തുപറ്റിയെന്ന് അറിയില്ല. ഇനി അവർ വന്നാൽ തന്നെ അവരെ സ്‌നേഹത്തിന്റെ ഭാഷയിൽ ഉച്ചത്തിൽ പേരുവിളിക്കാൻ ഷിഹാബ് ഉസ്താദ് വരില്ല.
ആദ്യ ഉരുൾപൊട്ടൽ സമയത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയതായിരുന്നു മസ്ജിദ് ഇമാം ശിഹാബ് ഫൈസി കയ്യൂന്നി. രണ്ടാമതായി ഉണ്ടായ ഉരുൾപൊട്ടലിലാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. പള്ളിക്ക് തൊട്ടു താഴെയായിരുന്നു ഇദ്ദേഹത്തിന്‍റെ വീട്. സംഭവ സമയത്ത് ആളുകളെ രക്ഷിക്കാനായി പള്ളിയിൽ നിന്ന് ഇറങ്ങിപ്പോയതാണ് എന്നാൽ അദ്ദേഹത്തെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.