'മനുഷ്യര് എപ്പോ നന്നാവാനാണ്...'; വ്ലോഗറുടെ ആത്മഹത്യയിൽ സദാചാര ആങ്ങളമാരുടെ ഉപദേശം, മറുപടിയുമായി ഷിംന അസീസ്
|മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്ന്യാസം പറഞ്ഞല്ല 'ഫ്രസ്‌ട്രേഷൻ' തീർക്കേണ്ടത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷിംനയുടെ വിമർശനം
പ്രശസ്ത വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നൂവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സജീവമായ നല്ലനടപ്പിനെക്കുറിച്ചുള്ള ഉപദേശങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടർ ഷിംന അസീസ്. മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്ന്യാസം പറഞ്ഞല്ല 'ഫ്രസ്ട്രേഷന്‍' തീര്‍ക്കേണ്ടത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷിംനയുടെ വിമര്‍ശനം.
"കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത്, ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായിൽ കമൻ്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?" ഷിംന ചോദിക്കുന്നു.
"എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം" ഷിംന വ്യക്തമാക്കുന്നു. 'മനുഷ്യര്‍ എപ്പോ നന്നാവാനാണ്' എന്ന വാചകത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. റിഫ മെഹ്നൂവിന്റെ മരണവാര്‍ത്തയ്ക്ക് കീഴില്‍ വന്ന ചില കമന്‍റുകളും ഷിംന പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് റിഫ മെഹ്നൂവിനെ ദുബൈയിലെ വസതിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് റിഫ. ഫാഷൻ, ഭക്ഷണം, യാത്ര തുടങ്ങിയ കാര്യങ്ങളിലായിരുന്നു പ്രധാനമായും ഇവരുടെ വ്‌ളോഗിങ്. സ്ത്രീകളുടെ നല്ല നടപ്പുകളെക്കുറിച്ചും 'ഒതുക്ക'മുള്ളവരായി ജീവിക്കേണ്ടതിനെക്കുറിച്ചുമുള്ള ചൂടുപിടിച്ച ചർച്ചകളായിരുന്നു റിഫയുടെ മരണശേഷം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നത്.