അര്‍ജുന്‍റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം
|ഗംഗാവലി പുഴയിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്
അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവര്‍ അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. കരയിൽ നിന്ന് 65 മീറ്റർ അകലെയായിരുന്നു ലോറി. ഗംഗാവലി പുഴയിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. അപകടം നടന്ന് 71 ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. ലോഹഭാഗത്തിന്റെ സിഗ്നൽ ലഭിച്ച സിപി രണ്ട് പോയിന്‍റില്‍ നടത്തിയ തിരച്ചിലിലാണ് 12 മീറ്റര്‍ ആഴത്തില്‍ നിന്നും ലോറി ഉയര്‍ത്തിയെടുത്തത്. ലോറിക്കകത്തുണ്ടായിരുന്ന മൃതദേഹം പുറത്തെടുത്ത് മറ്റു നടപടികള്‍ക്കായി കൊണ്ടുപോയി. ലോറി കരയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
രാവിലെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ പരിശോധന നടത്തിയപ്പോൾ വലിയ വാഹന ഭാഗം കണ്ടെത്തിയിരുന്നു. പിന്നാലെ അണ്ടർവാട്ടർ കാമറയുടെ സഹായത്തോടെ ചിത്രം പകർത്തി ലോറിയെന്ന് ഉറപ്പുവരുത്തി. പിന്നാലെയാണ് ലോറി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്.
മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. തിരച്ചിൽ ഇതോടെ അവസാനിപ്പിക്കില്ലെന്നും കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 16ന് രാവിലെയാണ് ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് അർജുനടക്കം 11 പേരെ കാണാതായത്. 8 പേരുടെ മൃതദേഹം ലഭിച്ചെങ്കിലും അർജുനെയും ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും പുഴയിൽ നിന്നും മണ്ണ് നീക്കാനും സാധിക്കാതെ വന്നതിനാലും തിരച്ചിൽ ദിവസങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഓഗസ്റ്റ് പതിനാറിന് ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തെരച്ചിലിന് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് തെരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെയാണ് ഷിരൂരില് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്തിയത്.