ഡി.വൈ.എസ്.പിയെ ആക്രമിച്ചെന്ന കേസിലും മുഹമ്മദ് ഷിയാസിന് ജാമ്യം
|ഷിയാസിനെതിരെ ഇന്ന് കോടതി പരിഗണിച്ച നാലാമത്തെ കേസാണിത്
കൊച്ചി: ഡി.വൈ.എസ്.പിയെ ആക്രമിച്ചുവെന്ന കേസിലും എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന് ജാമ്യം. കോടതിയിൽ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ടശേഷം ഈ കേസിലാണ് പൊലീസ് ഷിയാസിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. ഷിയാസിനെതിരെ ഇന്ന് കോടതി പരിഗണിച്ച നാലാമത്തെ കേസാണിത്. മൃതദേഹത്തോട് അനാദരവ്, പൊതുമുതൽ നശിപ്പിക്കൽ കുറ്റങ്ങൾ ചുമത്തിയെടുത്ത കേസുകൾക്ക് പുറമെയാണ് ഡിവൈഎസ്പിയെ ആക്രമിച്ചുവെന്ന് കുറ്റപ്പെടുത്തി കേസെടുത്തത്.
കോതമംഗലം കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ട ശേഷമായിരുന്നു പുതിയ കേസ്. മാർച്ച് 15 വരെ ഷിയാസിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ച് ഉത്തരവിട്ടത്. കേസിൽ സർക്കാറിനോട് കോടതി വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഷിയാസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബസ് കത്തിച്ചതിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നിർദേശം. കേസിൽ സർക്കാറിനോട് കോടതി വിശദീകരണം തേടി. ഷിയാസിനെതിരായ കുറ്റങ്ങൾ പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. തന്നെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുണ്ടായ സംഭവത്തിൽ താനെങ്ങനെ കുറ്റക്കാരനാകുമെന്നായിരുന്നു ഷിയാസിന്റെ ചോദ്യം.
ഈ പ്രതിഷേധക്കേസിൽ ജാമ്യം കിട്ടിയ ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഇതോടെ കോതമംഗലം മജിസ്ട്രേറ്റ് കോടതി പരിസരത്ത് സംഘർഷമുണ്ടായി. തുടർന്ന് ഷിയാസും മാത്യു കുഴൽനാടൻ എംഎൽഎയും കോടതിയിലേക്ക് ഓടിക്കയറി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിപ്പിച്ചു.
മാത്യു കുഴൽനാടനും ഷിയാസും മാധ്യമങ്ങളെ കണ്ട ശേഷം പിരിഞ്ഞുപോകുമ്പോഴാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയും സംഘവും ഷിയാസിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. ഇതോടെ കോൺഗ്രസ് പ്രവർത്തകർ ഡിവൈഎസ്പിയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു. മുമ്പ് നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തകർക്കുകയും താക്കോലെടുക്കുകയും ചെയ്തിരുന്നു. ഇതിൽ വാഹനം മോഷ്ടിച്ചുവെന്നടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.
നേര്യമംഗലത്തെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അടക്കമുള്ളവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. മൃതദേഹത്തോട് അനാദരവ്, പൊതു മുതൽ നശിപ്പിക്കൽ, ആശുപത്രി സംരക്ഷണ നിയമം എന്നീ ഗുരുതരവകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെ മാത്യു കുഴൽനടനെയും മുഹമ്മദ് ഷിയാസിനെയും അർധരാത്രിയിൽ സമരപ്പന്തലിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇരുവർക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.