മന്ത്രിസഭാ രൂപീകരണം വൈകിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി - ശോഭ സുരേന്ദ്രൻ
|'കാവൽ മന്ത്രി സഭ അപര്യാപതം, മന്ത്രിസഭാ രൂപീകരണം വൈകിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ' ശോഭ സുരേന്ദ്രൻ
സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കോവിഡിന്റെ രണ്ടാ തരംഗവും സംസ്ഥാനത്തെ കനത്ത മഴയും പ്രധാന വിഷയങ്ങളായി സൂചിപ്പിച്ചുകൊണ്ടാണ് ശോഭ ഇടതുപക്ഷത്തിനുനേരെ വിമർശനം ഉന്നയിക്കുന്നത്.
എന്തുകൊണ്ടാണ് മന്ത്രിസഭ രൂപീകരണം വൈകുന്നതെന്ന ചോദ്യം ഉന്നയിച്ച ശോഭ സുരേന്ദ്രൻ ഇത്തരമൊരു പശ്ചാത്തലത്തില്‍ കാവല്‍ മന്ത്രിസഭ അപര്യാപ്തമാണെന്നും മന്ത്രിസഭാ രൂപീകരണം വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്തു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.
ഗ്രൂപ്പ് സമവാക്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും, അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യത പിണറായി വിജയനുണ്ടെന്നും ശോഭ ഫേസ്ബുക്കിൽ കുറിച്ചു. ഈ മാസം 20നാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
സംസ്ഥാനത്ത് കോവിഡ് മഹാമാരിക്ക് പുറമേ കനത്ത മഴയും എത്തിയതോടെ സർക്കാർ തലത്തിലുള്ള ആസൂത്രണത്തിനും ജനങ്ങളുമായിട്ടുള്ള ഇടപെടലിനും കാവൽ മന്ത്രിസഭ അപര്യാപ്തമാകുകയാണ്. മത്സരിക്കാൻ സീറ്റ് പോലുമില്ലാതെ പോയ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ ഇനി ആരെ കാക്കുമെന്നാണ് നാം കരുതേണ്ടത്? അതുകൊണ്ട് കഴിയുന്നത്രയും വേഗം മന്ത്രിസഭ രൂപീകരിക്കുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശ്രമിക്കുകയും വേണം.
ഗ്രൂപ്പ് സമവാക്യങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനും, അധികാരം വീതം വയ്ക്കുന്നതിനുമല്ലാതെ ഈ കാലതാമസം എന്തിനായിരുന്നു എന്ന് ജനങ്ങളോട് വ്യക്തമാക്കേണ്ട ബാധ്യതയും പിണറായി വിജയനുണ്ട്. ഒരു പാൻഡമിക്ക് എമർജൻസി നേരിടുന്ന സമൂഹം തങ്ങൾ ജനാധിപത്യപരമായി തിരഞ്ഞെടുത്ത സർക്കാരിൽ നിന്ന് അത്രയെങ്കിലും നീതി അർഹിക്കുന്നുണ്ട്.