Kerala
കോണ്‍ഗ്രസിലേക്ക് ഒരു മടങ്ങിപ്പോക്ക് ചിന്തിച്ചിട്ടുപോലുമില്ല: ശോഭനാ ജോര്‍ജ്
Kerala

കോണ്‍ഗ്രസിലേക്ക് ഒരു മടങ്ങിപ്പോക്ക് ചിന്തിച്ചിട്ടുപോലുമില്ല: ശോഭനാ ജോര്‍ജ്

Web Desk
|
30 Oct 2021 12:25 PM GMT

ഇനി സഹയാത്രികയായല്ല, സിപിഎം അനുവദിക്കുമെങ്കില്‍ മെമ്പര്‍ഷിപ്പ് എടുത്തുതന്നെ സജീവമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചെന്ന് ശോഭനാ ജോര്‍ജ്

കോണ്‍ഗ്രസിലേക്ക് ഒരു മടങ്ങിപ്പോക്ക് ചിന്തിച്ചിട്ടുപോലുമില്ലെന്ന് ഇടതു സഹയാത്രിക ശോഭനാ ജോര്‍ജ്. താന്‍ ഇന്നാണ് സിപിഎം അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഇനി സഹയാത്രികയായല്ല, പാര്‍ട്ടി അനുവദിക്കുമെങ്കില്‍ മെമ്പര്‍ഷിപ്പ് എടുത്തുകൊണ്ടുതന്നെ സജീവമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചെന്നും ശോഭനാ ജോര്‍ജ് വ്യക്തമാക്കി.

"ഞാന്‍ ഇന്നാണ് സിപിഎം അംഗത്വത്തിനായി കത്ത് നല്‍കിയത്. ഇടത് സഹയാത്രികയായി സിപിഎമ്മിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അതിലെ ഒരാളെപ്പോലെ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഞാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകുന്നുവെന്ന വാര്‍ത്ത വരുന്നത്. അതുശരിയല്ല. ഒരു മടങ്ങിപ്പോക്ക് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും നല്ലത് സിപിഎം മെമ്പര്‍ഷിപ്പ് എടുത്തുകൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്നതാണെന്ന് തീരുമാനിച്ചു. മൂന്ന് വര്‍ഷത്തിലേറെയായി സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. നാടിന്‍റെ നന്മ, വിശാലമായ കാഴ്ചപ്പാട്, സ്ത്രീകള്‍ക്ക് ഏറ്റവും സമാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടി എന്നാണ് കൂടുതല്‍ അടുത്തറിയുന്തോറും തോന്നുന്നത്. ഇനി സഹയാത്രിക എന്നല്ല, പാര്‍ട്ടി അനുവദിക്കുമെങ്കില്‍ മെമ്പര്‍ഷിപ്പ് എടുത്തുകൊണ്ടുതന്നെ സജീവമായി മുന്നോട്ടുപോകാമെന്ന് തീരുമാനിച്ചു"- ശോഭനാ ജോര്‍ജ് പറഞ്ഞു.

മൂന്നു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ചെങ്ങന്നൂരില്‍ നിന്ന് മത്സരിച്ച് ശോഭനാ ജോര്‍ജ് എംഎല്‍എയായിരുന്നു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതിനു പിന്നാലെയാണ് ശോഭനാ ജോര്‍ജും കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമായത്.

Similar Posts