Kerala
Shone George is lying and veena vijayans company has no connection with the company in dubai Says MV Govindan
Kerala

'ഷോൺ ജോർജ് തോന്ന്യാസം പറയുന്നു, നടത്തുന്നത് കള്ളപ്രചാരവേല'; യുഎഇയിലെ കമ്പനിയുമായി ടി. വീണയ്ക്ക് ബന്ധമില്ലെന്ന് എം.വി ഗോവിന്ദൻ

Web Desk
|
31 May 2024 11:39 AM GMT

ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. ഷോൺ ജോർജിന്റേത് ആരോപണമല്ല, കളവാണെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ എക്സാലോജിക് കമ്പനിക്കെതിരെ ആരോപണമുന്നയിച്ച ബിജെപി നേതാവ് ഷോൺ ജോർജിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി​ഗോവിന്ദൻ. വീണയുടെ കമ്പനിയും ഷോൺ പറഞ്ഞ യുഎഇയിലെ കമ്പനിയും രണ്ടാണെന്നും കള്ളപ്രചാരവേലയാണ് നടത്തുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വീണയുടെ കമ്പനിയുടെ പേര് എക്‌സാലോജിക് സൊലൂഷൻ എന്നാണ്. അതിന് യുഎഇയിലെ എക്‌സാലോജിക് കൺസൾട്ടിങ് കമ്പനിയുമായി യാതൊരു ബന്ധവുമില്ല. കോടതികൾ തള്ളിക്കളഞ്ഞിട്ടും പുതിയ അപവാദ പ്രചാരണങ്ങൾ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ നടത്തുകയാണ്. രണ്ടും ഒരു കമ്പനിയാണെന്ന് നിങ്ങളെങ്ങനെയാണ് നിഗമനത്തിലെത്തിയതെന്ന് പ്രതിപക്ഷനേതാവിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന് മറുപടിയുണ്ടായില്ല.

ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. ഷോൺ ജോർജിന്റേത് ആരോപണമല്ല, കളവാണെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കളവും ആരോപണവും രണ്ടാണ്. ഷോൺ പച്ചക്കള്ളം പറയുകയാണ്. തോന്ന്യാസം പറയുകയാണ്. എന്ത് തോന്ന്യാസവും പറയാമെന്ന് വിചാരിക്കരുത്. അത് കേരളം അംഗീകരിച്ചുകൊടുക്കില്ല- അദ്ദേഹം പറഞ്ഞു.

'ഒരു ബന്ധവുമില്ലാത്ത രണ്ട് കമ്പനികളെ ചേർത്ത് കള്ളപ്രചാരവേല നടത്തി അത് മുൻപേജിൽ നൽകി അതിന് വസ്തുതാപരമായ പശ്ചാത്തലമുണ്ടെന്ന് വരുത്താൻ ചില പത്രങ്ങളും ശ്രമിച്ചു. യാഥാർഥമെന്താണെന്ന് മനസിലാക്കിയിട്ടും അക്കാര്യം മൂടിവച്ച് ഇവ രണ്ടും എന്തോ ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം നടത്തുന്നത്'.

'ഒരേ പേരിൽ എത്ര പേരുണ്ട്. ഒരേ പേരുള്ള എത്രയോ സ്ഥലങ്ങളുണ്ട്. ദുബൈയിൽ പ്രവർത്തിക്കുന്ന ഒരു വൻകിട കമ്പനിയുടെ പേരിന് ഈ കമ്പനിയുടെ പേരുമായുള്ള സാമ്യം ചൂണ്ടിക്കാട്ടി ഒറ്റ ദിവസം കൊണ്ട് എന്തൊക്കെ വാർത്തകളാണ് ഇവിടെ സൃഷ്ടിച്ചത്. ആ കള്ളക്കഥയാണ് പൊളിഞ്ഞുപോയത്. ജനിക്കുമ്പോൾ തന്നെ തകർന്നുപോയ കള്ളമാണ് ബിജെപിക്കാരനായ ഷോൺ ജോർജ് പറഞ്ഞ അബൂദബിയിലെ അക്കൗണ്ടിന്റെ കഥ'.

പണ്ടും ഇതുപോലെ നിരവധി കാര്യങ്ങൾ അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു തെളിവും ഇതുവരെ കൊണ്ടുവരാൻ സാധിക്കാതെ വളരെ പ്രയാസപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് ഷോൺ ജോർജ് പുതുതായി അവതരിച്ചതെന്നും എം.വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. അബൂദാബി കൊമേഷ്യൽ ബാങ്കിൽ ടി. വീണയുടെ എക്സാലോജിക് കമ്പനിക്ക് അക്കൗണ്ട് ഉണ്ടെന്നും പി.ഡബ്ല്യൂ.സി, എസ്.എൻ.സി ലാവലിൻ കമ്പനികളിൽനിന്നും ഇതിലേക്ക് കോടികളെത്തിയെന്നുമായിരുന്നു ഷോൺ ജോർജിന്റെ ആരോപണം.

അബൂദാബി കൊമേർഷ്യൽ ബാങ്കിൽ 'എക്സാലോജിക് കൺസൽട്ടിങ്, മീഡിയ സിറ്റി യു.എ.ഇ' എന്ന വിലാസത്തിലാണ് അക്കൗണ്ട് ഉള്ളത്. മുഖ്യമന്ത്രിയുടെ മകൾ വീണയും എം. സുനീഷുമാണ് അക്കൗണ്ട് ഉടമകൾ. കോടികളുടെ ഇടപടാണ് അക്കൗണ്ടിലൂടെ നടന്നത്. 2018 ഡിസംബർ ഒന്നിന് പി.ഡബ്ല്യൂ.സി കമ്പനിയുമായി കരാ‍ർ ഒപ്പിട്ടു. 2020-ൽ കരാറിന്റെ കാലാവധി കഴിയുന്നതുവരെ അക്കൗണ്ടിൽ പണമെത്തി. അക്കൗണ്ടിൽ നിന്ന് പണം പോയത് അമേരിക്കൻ അക്കൗണ്ടുകളിലേക്കാണ്. അക്കൗണ്ടിലേക്കെത്തിയ കോടികൾക്ക് കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉൾപ്പടെയുള്ളവയിൽ നിന്ന് ലഭിച്ച പണവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്'- എന്നും ഷോൺ ജോർജ് ആരോപിച്ചിരുന്നു.

Similar Posts