നെൽവയലിൽ വെടിയേറ്റ് മരണം; കോട്ടത്തറ സ്വദേശിക്ക് വെടികൊണ്ടത് ദൂരെ നിന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
|തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമല്ലെന്നാണ് കണ്ടെത്തൽ
വയനാട് കോട്ടത്തറ വണ്ടിയാമ്പറ്റയിലെ നെൽവയലിൽ വെടിയേറ്റ് മരിച്ച കോട്ടത്തറ സ്വദേശി ജയന് വെടികൊണ്ടത് ദൂരെ നിന്നാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമല്ലെന്നാണ് കണ്ടെത്തൽ. രാത്രി നെൽപാടത്ത് കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയ സംഘത്തിന്റെ വെടിയേറ്റാണ് ജയൻ മരിച്ചതെന്ന് സംശയം. കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തിൽ 15 അംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പൊലിസ് ബാലസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.
മരണപ്പെട്ട ജയന് ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് 36 കാരനായ ജയൻ വെടിയേറ്റു മരിച്ചത്. ചികിത്സയിലുള്ള 27കാരൻ ശരണിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. മെച്ചന മേലേ ചുണ്ട്റാൻകോട്ട് കുറിച്യ കോളനിയിലെ ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരോടൊപ്പമാണ് ഇതേ കോളനിയിലെ തന്നെ ജയനും ശരണും വയലിൽ പോയത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. വെടിയേറ്റ ശേഷം ഇരുവരേയും ഒപ്പമുള്ളവർ തന്നെയാണ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കൽപ്പറ്റ ഡി.വൈ.എസ്.പി സുനിലിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയ പൊലിസ് കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തുവരികയാണ്.