വീണ്ടും ഒളിച്ചുകളി; മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
|പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് ഐ.ടി.ഐ പോളി,അൺ എയ്ഡഡ് സീറ്റുകൾ ചേർത്തായിരുന്നു മന്ത്രിയുടെ മറുപടി
തിരുവനന്തപുരം: നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഒളിച്ചു കളി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ കുറിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. എന്നാൽ ഐ.ടി.ഐ, പോളി, അൺ എയ്ഡഡ് സീറ്റുകൾ ചേർത്താണ് മന്ത്രി മറുപടി പറഞ്ഞത്. മലബാറിൽ സീറ്റ് ക്ഷാമം ഇല്ലെന്നും മന്ത്രിയുടെ അവകാശവാദം.
കോഴിക്കോട് ജില്ലയിൽ ഉപരി പഠനത്തിന് അർഹരായ എല്ലാ കുട്ടികൾക്കും അഡ്മിഷൻ കൊടുത്താൽ എണ്ണായിരത്തോളം അധികം സീറ്റുകൾ വീണ്ടും ബാക്കി വരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പാസായ മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകിയാലും കണ്ണൂർ ജില്ലയിൽ 5000 ത്തിലധികം സീറ്റുകൾ ബാക്കി വരുമെന്നും മന്ത്രി പറഞ്ഞു.
മലബാറിൽ അരലക്ഷം പേർക്ക് സീറ്റില്ലെന്നും വസ്തുതയ്ക്ക് നിരക്കുന്നതല്ല മന്ത്രിയുടെ മറുപടിയെന്നും എ.എൻ.ഷംസുദ്ദീൻ പറഞ്ഞു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ലീഗ് എംഎൽഎമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.