അബ്ദുൽ വഹാബ് പക്ഷത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന്റെ കാരണംകാണിക്കൽ നോട്ടീസ്
|പിരിച്ചു വിട്ട സംസ്ഥാന കൗൺസിൽ വിളിച്ചു ചേർത്തതും ദേശീയ നേതൃത്വത്തെ വിമർശിച്ചതിനുമെതിരെയാണ് നടപടി
അബ്ദുൽ വഹാബ് നേതാക്കൾക്കെതിരെ ഐഎൻഎൽ ദേശീയ പ്രസിഡന്റിന്റെ കാരണം കാണിക്കൽ നോട്ടീസ്. എ.പി അബ്ദുൽ വഹാബ് , സി. സി നാസർ കോയ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാണ് ആവശ്യം. പിരിച്ചു വിട്ട സംസ്ഥാന കൗൺസിൽ വിളിച്ചു ചേർത്തതും ദേശീയ നേതൃത്വത്തെ വിമർശിച്ചതിനുമെതിരെയാണ് നടപടി.
ഐഎൻഎൽ വഹാബ് പക്ഷത്തെ നേതാക്കളെ പുറത്താക്കാൻ തന്നെയാണ് ഐഎൻഎൽ അഡാഹോക്ക് കമ്മിറ്റിയുടെ നീക്കം. ഇതുന്റെ മുന്നോടിയായാണ് നോട്ടീസ് നൽകിയത്. സംഘടനാപരമായ അച്ചടക്കലംഘനം നടത്തി, സംസാഥാന കൗൺസിൽ വിളിച്ചു ചേർത്തു, ദേശീയ നേതൃത്വത്തെ തള്ളിപ്പറയുകയും ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് നോട്ടീസിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ പാർട്ടിയിൽ നിന്നും പുറത്താക്കാതിരിക്കാനുള്ള കാരണം ഏഴ് ദിവസംകൊണ്ട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റിയതായി ഇരുവരും അറിയിച്ചിട്ടുണ്ട്. ഏഴു ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തന്നെയാണ് ദേശീയ നേതൃത്വത്തിന്റെയും ഖാസിം പക്ഷത്തിന്റെയും തീരുമാനം.
കൗൺസിൽ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും മേൽ നടപടിയുണ്ടാവും അവരെല്ലാം തന്നെ പുറത്ത് പവേണ്ടി വരും എന്നാണ് അഹമ്മദ് ദേവർ പറഞ്ഞത്. അഡ്ഹോക് കമ്മിറ്റിയുമായി തന്നെ ഖാസിം പക്ഷം മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനം.
എന്നാൽ സംസ്ഥാന കൗൺസിലിൽ 77 പേരുടെ പിന്തുണയുണ്ടെന്നാണ് വഹാബ് പക്ഷം ഉന്നയിക്കുന്ന വാദം. അതിനാൽ തന്നെ കാരണം കാണിക്കൽ നോട്ടീസ് അംഗീകരിക്കേണ്ടതില്ല എന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത. ഐഎൻഎൽ എന്ന രീതിയിൽ തന്നെ മുന്നോട്ട് പോവാനാണ് ഇവരുടെ തീരുമാനം. രണ്ട് കൂട്ടരും പരസ്പരം നടപടികളുമായി മുന്നോട്ട് പോവുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ദിവസം അഹമ്മദ് ദേവർ കോവിലും ഖാസിം ഇരിക്കൂറും എൽഡി എഫ് കൺവീനറായ എം. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ സി.പി.എം ഒരു ചർച്ചയിലേക്ക് കടന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.