'ശ്രദ്ധയുടെ മരണം കോളജ് വർഗീയവൽക്കരിക്കുന്നു; മന്ത്രിമാർ മാനേജ്‌മെന്റിന്റെ കെണിയിൽപെട്ടു'; ആരോപണവുമായി കുടുംബം
|'പൊലീസില്‍ ഒരു വിശ്വാസവുമില്ല. ഒരു കൃത്രിമ തെളിവുണ്ടാക്കിക്കൊണ്ടുവന്ന പൊലീസ് ആർക്കൊപ്പമാണ് നിൽക്കുന്നത്. തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം.'
കോട്ടയം: അമല്‍ജ്യോതി കോളജില്‍ ശ്രദ്ധ സതീഷിന്‍റെ മരണത്തില്‍ മാനേജ്മെന്‍റിനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം. സംഭവം മാനേജ്മെന്‍റ് വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണ്. കുട്ടിയെ മാനേജ്മെന്‍റ് കൊന്നതാണ്. വിഷയത്തില്‍ ഇടപെട്ട മന്ത്രിമാര്‍ മാനേജ്മെന്‍റിന്‍റെ കെണിയില്‍പെട്ടെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എല്ലാവരുടെയും പരിപാടിയിൽ പങ്കെടുക്കുന്നവരാണ് ശ്രദ്ധയുടെ കുടുംബം. ഒരു കുട്ടിയുടെ മരണത്തിൽ എന്തു വർഗീയതയാണ് മാനേജ്‌മെന്റ് കാണുന്നത്? മന്ത്രിമാർ മാനേജ്‌മെന്റിന്റെ കെണിയിൽപെടുകയായിരുന്നു. രണ്ടുപേരും ഒത്തുകളിച്ചു എന്നു പറയാന്‍ താൽപര്യമില്ല. മാനേജ്‌മെന്റിന്റെ ഒത്തുകളിക്ക് അവർ നിന്നുകൊടുക്കുകയായിരുന്നു. ശ്രദ്ധയെ കോളജ് മാനേജ്മെന്‍റ് കൊന്നതാണ്. അവളെ ആത്മഹത്യ ചെയ്യിച്ചതാണെന്നും കുടുംബം കുറ്റപ്പെടുത്തി.
അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും മന്ത്രി വാസവനും വന്നപ്പോൾ കുട്ടികളുടെ പക്ഷം തയാറായിരുന്നു. അവരെ അവിശ്വസിക്കുന്നില്ല. എന്നാല്‍, പൊലീസില്‍ ഒരു വിശ്വാസവുമില്ല. ഒരു കൃത്രിമ തെളിവുണ്ടാക്കിക്കൊണ്ടുവന്ന പൊലീസ് ആർക്കൊപ്പമാണ് നിൽക്കുന്നത്. തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
2022ൽ ശ്രദ്ധ സ്നാപ്ചാറ്റില്‍ എഴുതിയ കുറിപ്പാണ് ഇപ്പോൾ ആത്മഹത്യാ തെളിവായി അവതരിപ്പിച്ചിരിക്കുന്നതെന്നും കുടുംബം ചൂണ്ടിക്കാട്ടി. സ്നാപ്ചാറ്റ് കുറിപ്പിന്‍റെ തെളിവുകളും കുടുംബം പുറത്തുവിട്ടു.
Summary: Late Shradha Satheesh's family alleges that the Amal Jyothi College management is trying to communalise the death