Kerala
എൽ.ജെ.ഡി പിളർപ്പിലേക്ക്; ശ്രേയംസ് കുമാർ എൽജെഡി അധ്യക്ഷ സ്ഥാനം രാജി വെക്കണമെന്ന്വിമത വിഭാഗം
Kerala

എൽ.ജെ.ഡി പിളർപ്പിലേക്ക്; ശ്രേയംസ് കുമാർ എൽജെഡി അധ്യക്ഷ സ്ഥാനം രാജി വെക്കണമെന്ന്വിമത വിഭാഗം

Web Desk
|
17 Nov 2021 10:28 AM GMT

20 നുള്ളിൽ ശ്രേയംസ് കുമാർ രാജിവെക്കണം. ഇല്ലെങ്കിൽ സംസ്ഥാന കൗൺസിൽ വിളിച്ച് പുതിയ കമ്മറ്റി പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു.

ശ്രേയംസ് കുമാർ എൽജെഡി അധ്യക്ഷ സ്ഥാനം രാജി വെക്കണമെന്ന ആവശ്യവുമായി എൽജെഡി വിമത വിഭാഗം ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തിൽ തിരുവന്തപുരത്ത് യോഗം ചേർന്നു. 20 നുള്ളിൽ ശ്രേയംസ് കുമാർ രാജിവെക്കണം. ഇല്ലെങ്കിൽ സംസ്ഥാന കൗൺസിൽ വിളിച്ച് പുതിയ കമ്മറ്റി പ്രഖ്യാപിക്കാനുമാണ് യോഗം തീരുമാനം. 26,27,29 തീയതികളിൽ മേഖലാ യോഗം വിളിക്കുമെന്നും. യഥാർത്ഥ എൽ.ജെ.ഡി തങ്ങളാണെന് അവകാശപ്പെട്ട് എൽ.ഡി.എഫ് കൺവീനർക്ക് ഇന്ന് തന്നെ കത്ത് നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന നേതൃയോഗം വിളിച്ചിട്ട് ഒമ്പത് മാസമായിട്ടും സംസ്ഥാന പ്രസിഡന്റ് യോഗം വിളിക്കാൻ തയ്യാറായില്ല നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനവും നടന്നിട്ടില്ല. എൽ.ഡി.എഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല മുന്നണി വിടാനുള്ള തീരുമാനം എടുത്ത യോഗത്തിൽ തീരുമാനിച്ച ഒന്നും നടപ്പാക്കിയില്ലെന്നും യോഗത്തിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.

''കൽപറ്റ സീറ്റിന് വേണ്ടി പ്രസിഡന്റ് നിർബന്ധം പിടിച്ചപ്പഴാണ് നൽകാമെന്ന് പറഞ്ഞ സീറ്റ് സി.പി.എം വെട്ടിക്കുറച്ചത്. പ്രസിഡന്റ് തന്നെ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. സംസ്ഥാന പ്രസിഡന്റ് രാജിവെക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആവശ്യം ഉയർന്നിരുന്നു. പ്രസിഡന്റിനെതിരെ സംസാരിച്ചവർക്ക് എതിരെ പ്രതികാര നടപടി സ്വീകരിക്കുന്നു. ജനാധിപത്യമില്ലാത്ത രീതിയിലാണ് പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്. വര്ഗീസ് ജോർജിനോട് ആലോചിച്ച് മാത്രമേ തീരുമാനം എടുക്കാവൂവെന്ന കേന്ദ്ര നിർദേശവും പാലിക്കപ്പെട്ടില്ല'' ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.

അതേസമയം സമാന്തര യോഗം ചേർന്നവർക്ക് സ്ഥാനമാനങ്ങളോട് ആർത്തിയെന്ന് ശ്രേയംസ് വിഭാഗം പ്രതികരിച്ചു. വിലപേശലിനുള്ള തന്ത്രമാണ് ഈ യോഗം. 20 ന് കോഴിക്കോട് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഷെയ്ക്ക് പി ഹാരിസ് മനപൂർവ്വം ഉത്തരവാദിത്വം മറക്കുന്നു. എൽ ഡി എഫ് യോഗങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നത് ഷെയ്ഖ് പി ഹാരിസ് ആണെന്നും ഔദ്യോഗിക പക്ഷം വ്യക്തമാക്കി.

Similar Posts