ആരാധനാലയങ്ങൾ തുറക്കാൻ അനുമതി വേണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
|വിശ്വാസികളുടെ മാനസിക സംഘർഷങ്ങൾ കുറക്കുവാന്‍ ആരാധാനാലയങ്ങൾ തുറക്കുന്നതിലൂടെ സാധിക്കുമെന്ന് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ.
സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിക്കുവാനും, വിശ്വാസികളുടെ മാനസിക സംഘർഷങ്ങൾ കുറക്കുവാനും ആരാധാനാലയങ്ങൾ തുറക്കുന്നതിലൂടെ സാധിക്കുമെന്നും സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പറഞ്ഞു. വ്യാപാര വിനോദ സ്ഥാപനങ്ങൾ പോലും പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിന് സര്‍ക്കാര്‍ അടിയന്തര പരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുസ്‌ലിം സംഘടനകളും സമാന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.
സംസ്ഥാനത്ത് നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളില്‍ അയവു വന്നിരിക്കുകയാണ്. ടി.പി.ആർ കുറഞ്ഞ സ്ഥലങ്ങളിൽ എല്ലാ കടകളും പ്രവർത്തിച്ചുതുടങ്ങി. കെ.എസ്.ആർ.ടി.സി സർവ്വീസുകളടക്കം പൊതുഗതാഗതം സാധാരണ നിലയിലേക്ക് മാറി. സെക്രട്ടേറിയറ്റടക്കമുള്ള ഓഫീസുകളും സജീവമാണ്. അതേസമയം, സംസ്ഥാനത്താകെ 25 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍ തുടരുന്നുണ്ട്.