പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടാൻ ഷുക്കൂർ വക്കീലും ഭാര്യയും വീണ്ടും വിവാഹിതരായി
|കാസർകോട്: പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടാനായി അഭിഭാഷകനും നടനുമായ സി.ഷുക്കൂറും ഭാര്യ ഷീന ഷുക്കൂറും വീണ്ടും വിവാഹിതരായി. മക്കളുടെ സാന്നിധ്യത്തിൽ ഹൊസ്ദുർഗ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹച്ചടങ്ങുകൾ.
സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ബന്ധുക്കളെയും സഹപ്രവർത്തകരെയും സാക്ഷികളാക്കിയാണ് ഷുക്കൂറും ഭാര്യയും 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായത്. 1994 ഒക്ടോബർ ആറിനായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം. സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്.
പെൺകുട്ടികൾ മാത്രമുള്ളവർക്ക് മറ്റു സമുദായത്തിലേത് പോലെ സ്വത്തവകാശം ലഭിക്കുന്നതിനാണ് വീണ്ടും വിവാഹിതരായതെന്ന് അഡ്വ. ഷുക്കൂർ പറഞ്ഞു. മാതാപിതാക്കൾ മരിച്ചതിന് ശേഷം കുട്ടികൾ കരഞ്ഞതുകൊണ്ട് കാര്യമില്ല. അതിന് മുമ്പ് തന്നെ ആവശ്യമായ നടപടി സ്വീകരിക്കണം. അതുകൊണ്ടാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായതെന്ന് ഷീന ഷുക്കൂർ പറഞ്ഞു.