മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ച എസ്.ഐയെ സ്ഥലം മാറ്റി
|തിരൂർ പൊലീസ് സ്റ്റേഷനിലെ അഡീഷ്ണൽ എസ്.ഐ വിപിനെയാണ് സ്ഥലം മാറ്റിയത്
മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ച എസ്.ഐയെ സ്ഥലം മാറ്റി. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലെ അഡീഷ്ണൽ എസ്.ഐ വിപിനാണ് വെട്ടം പഞ്ചായത്ത് പ്രസിഡന്റുo സി.പി.എം നേതാവുമായ നൗഷാദ് നെല്ലാഞ്ചേരിയുടെ മുഖത്തടിച്ചത്.
നൗഷാദ് നെല്ലാഞ്ചേരിയുടെ വാർഡിലെ വഴി തർക്ക കേസിൽ ഉൾപെട്ട വ്യക്തികളെ സ്റ്റേഷനിൽ ഹാജറാക്കിയതിനെ തുടർന്നാണ് പ്രസിഡന്‍റ് സ്റ്റേഷനിലെത്തിയത്. പൊലീസുമായി പഞ്ചായത്ത് പ്രസിഡന്റ് സംസാരിക്കുന്നതിനിടെ അഡീഷ്ണൽ എസ്.ഐ വിപിൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിക്കുകയും തള്ളിമാറ്റുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാഹനം പുറത്തിടാനും നിർദേശിച്ചു.
വിവരമറിഞ്ഞ് എത്തിയ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഇ.ജയനോടും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീനോടും അഡീഷ്ണൽ എസ്.ഐ വിപിൻ മോശമായി പെരുമാറി. എസ്.ഐക്കെതിരെ നടപടി ആവശ്യപെട്ട് സി.പി.എം നേതാക്കൾ പ്രതിഷേധിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുo നൽകി. തുടർന്നാണ് എസ്. ഐ വിപിനെ എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്.
ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോൾ സി.പി.എം നേതാക്കളോടും ജനപ്രതിനിധികളോടും പൊലീസ് അപമര്യദയായി പെരുമാറിയതിൽ പാർട്ടിക്ക് അകത്ത് വലിയ പ്രതിഷേധമുണ്ട്.