കർണാടകയിൽ 20 മന്ത്രിമാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും
|മലയാളികളായ കെ.ജെ ജോര്‍ജും യു.ടി ഖാദറും പരിഗണനയില്‍
ബെംഗളൂരു: കർണാടകയിൽ 20 മന്ത്രിമാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുസ്‌ലിം, ലിംഗായത്, വൊക്കലിഗ സമുദായങ്ങൾക്ക് മൂന്ന് വീതം പ്രാതിനിധ്യം നൽകുമെന്നാണ് സൂചന. മലയാളികളായ കെജെ ജോർജും യുടി ഖാദറും പരിഗണനയിലുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പ്രതിപക്ഷ പാർട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം കോൺഗ്രസിന്റെ നിയമസഭാ കക്ഷിയോഗം അൽപ്പസമയത്തിനകം ആരംഭിക്കും. സിദ്ധരാമയ്യയെ പാർലമെന്ററി പാർട്ടി നേതാവായി യോഗത്തിൽ തെരഞ്ഞെടുക്കും.
അഞ്ചാം ദിവസത്തിലേക്ക് നീണ്ട സമവായ ചർച്ചകൾ ഇന്ന് പുലർച്ചെയോടെയാണ് ലക്ഷ്യം കണ്ടത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രി ആക്കാനും തീരുമാനിക്കുകയായിരുന്നു. ധാരണ അനുസരിച്ച് ആദ്യ രണ്ടര വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും.
മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഏക ഉപമുഖ്യമന്ത്രി പദത്തോടൊപ്പം താൻ ഇഷ്ടപ്പെടുന്ന സുപ്രധാന വകുപ്പുകൾ കൈവശം വേണം എന്നായിരുന്നു ഡികെ യുടെ ആവശ്യം. പാർട്ടി അതിനൊപ്പം നിന്നു. ആദ്യ ടെമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമ്പോൾ ആഭ്യന്തരം ഉൾപ്പടെയുളള സുപ്രധാന വകുപ്പുകൾ ഉപമുഖ്യമന്ത്രിയായ ഡി.കെ ശിവകുമാർ കൈവശം വെക്കും. വിട്ടുവീഴ്ച ചെയ്തതാണെന്ന് തുറന്ന് പറഞ്ഞ ഡി.കെ കർണാടകയിലെ ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്നും മറുപടി നൽകി.