സിദ്ധാര്‍ഥന്‍റെ മരണം: 'പ്രതികൾക്കൊപ്പം മജിസ്‌ട്രേറ്റ് കോടതിയിലുണ്ടായിരുന്നു'; സ്ഥിരീകരിച്ച് സി.കെ ശശീന്ദ്രൻ
|പ്രതികളെ സി.പി.എം സംരക്ഷിക്കില്ലെന്നും ശശീന്ദ്രൻ മീഡിയവണിനോട്
വയനാട്: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ പോയിരുന്നുവെന്ന് സ്ഥിരീകരിച്ച് സി.പി.എം നേതാവ് സി.കെ.ശശീന്ദ്രൻ. 'ചില രക്ഷിതാക്കളെ പരിചയമുണ്ട്.അവർ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് താൻ പോയത്. കോടതി മുറിയിൽ പോയിട്ടില്ലെന്നും കോടതി പൊതുഇടമാണെന്നും' ശശീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു. പ്രതികളെ സി.പി.എം സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'മജിസ്‌ട്രേറ്റിന്റെ വീട്ടിൽ പോയിട്ടില്ല.കോടതിയും മജിസ്‌ട്രേറ്റിന്റെ വീടും രണ്ടും രണ്ടാണ്..രക്ഷകർത്താക്കളോട് ലോഹ്യം പറഞ്ഞതല്ലാതെ ഒന്നും ഉണ്ടായിട്ടില്ല.അല്ലാതെ മറ്റൊന്നും നടന്നിട്ടില്ല... കുട്ടികൾ തമ്മിലുള്ള തർക്കമാണ് കോളജില്‍ നടന്നത്. അത് തെറ്റായ രീതിയിൽ കലാശിച്ചു.അല്ലാതെ സംഘടനാ പ്രശ്നമല്ല അത്. എസ്.എഫ്.ഐയെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. എസ്.എഫ്.ഐ മാത്രമേ കോളജിൽ വിദ്യാർഥി സംഘടനയൊള്ളൂ..സംഭവത്തിന് ശേഷം കോളജ് ഹോസ്റ്റലിൽ ഞാൻ പോയിട്ടില്ല. ഹോസ്റ്റലിൽ ചെ ഗുവേരയുടെ ചിത്രം വരക്കുന്നത് തെറ്റൊന്നുമല്ല. ലോകം അംഗീകരിച്ച വിപ്ലവകാരിയാണ് അദ്ദേഹം.അതൊന്നുമല്ല വിഷയം..സിദ്ധാര്‍ഥന്‍റെ മരണത്തിലെ എല്ലാ കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരണം. കോളജില്‍ ഒരു പ്രശ്നമുണ്ടായതിന്‍റെ പേരില്‍ എല്ലാ വിദ്യാര്‍ഥികളെയും അടച്ചാക്ഷേപിക്കരുത്...'ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം, പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ ഒരു സി.പി.എം നേതാവും കൂടെയുണ്ടായിരുന്നുവെന്നും സിദ്ധാർഥന്റെ കുടുംബം ആരോപിച്ചിരുന്നു. പ്രതികളെ സി.പി.എം സംരക്ഷിക്കുയാണ്. മജിസ്‌ട്രേറ്റിന്റെ അടുത്ത് സി.പി.എം നേതാവ് എന്തിന് പോയെന്നും പിതാവ് ചോദിച്ചു.