സിദ്ധാര്‍ഥന്‍റെ മരണം: 'പ്രതികളെ ഹാജരാക്കിയപ്പോൾ കോടതിയിൽ ചെന്നു, രക്ഷിതാക്കളോട് സംസാരിച്ച് തിരിച്ചു പോന്നു'; സികെ ശശീന്ദ്രൻ
|''രക്ഷിതാക്കളുടെ കൂട്ടത്തില്‍ വയനാട്ടിലെ പ്രമുഖനായ കോൺഗ്രസ് നേതാവുമുണ്ടായിരുന്നു.അയാളുടെ മകനും ഇതിലെ പ്രതിയാണ്''
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അറസ്റ്റിലായ പ്രതികൾക്ക് വേണ്ടി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് സി.പി.എം നേതാവ് സി.കെ ശശീന്ദ്രൻ. പ്രതികളെ ഹാജരാക്കിയപ്പോൾ കോടതിയിൽ ചെന്നു. രക്ഷിതാക്കളോട് സംസാരിച്ച് തിരിച്ചു പോന്നു.മജിസ്‌ട്രേറ്റിന്റെ വീട്ടിൽ പോയിട്ടില്ല. നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
'മജിസ്‌ട്രേറ്റിനെ നേരിൽ കാണേണ്ട സാഹചര്യമുണ്ടായിട്ടില്ല. രക്ഷിതാക്കളുടെ കൂട്ടത്തില്‍ വയനാട്ടിലെ പ്രമുഖനായ കോൺഗ്രസ് നേതാവുമുണ്ടായിരുന്നു. അയാളുടെ മകനും ഇതിൽ പ്രതിയാണ്. ഏതെങ്കിലും വക്കീലിനെ ഞാൻ ഹാജരാക്കിയെന്ന് പറയാനാകുമോ'?; അദ്ദേഹം പറഞ്ഞു.
'അന്വേഷണത്തിൽ പാർട്ടിയോ ഞാനോ ഇടപെട്ടിട്ടില്ല. എസ്.എഫ്.ഐ പരസ്യവിചാരണ നടത്തിയെന്ന വാർത്ത വന്നതിനാലാണ് കോടതിയിലെത്തിയത്. ഞങ്ങൾ ഒരു വക്കീലിനെയുംഏർപ്പാടാക്കി കൊടുത്തിട്ടില്ല. നിയമപരമായ കാര്യങ്ങൾ അങ്ങനെ നടക്കട്ടെ എന്ന് പറഞ്ഞു തിരിച്ചു പോരുകയാണുണ്ടായത്.ഡി.വൈ.എസ്.പിയെ ഭീഷണിപ്പെടുത്തിയിട്ടില്ല.'.ശശീന്ദ്രൻ പറഞ്ഞു.
പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ ഒരു സി.പി.എം നേതാവും കൂടെയുണ്ടായിരുന്നുവെന്നും സിദ്ധാർഥന്റെ കുടുംബം ആരോപിച്ചിരുന്നു. പ്രതികളെ സി.പി.എം സംരക്ഷിക്കുയാണ്. മജിസ്ട്രേറ്റിന്റെ അടുത്ത് സി.പി.എം നേതാവ് എന്തിന് പോയെന്നും പിതാവ് ചോദിച്ചു.